ആര്യൻ ഖാൻ കേസിൽ വഴിത്തിരിവ്: 18 കോടി രൂപയുടെ ഡീൽ നടന്നതായി സാക്ഷി, നിഷേധിച്ച് എൻ.സി.ബി

ആര്യൻ ഖാനെതിരായ കേസിൽ ലഹരി മരുന്ന് വിരുദ്ധ ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സാക്ഷി ഏജൻസിക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചു. കേസിൽ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്നാണ് എൻ.സി.ബിക്കെതിരെയും ആര്യൻ ഖാനൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ അന്വേഷകൻ കെ പി ഗോസാവിക്കും എതിരെയുള്ള ആരോപണം.

mbbq64o

18 കോടി രൂപയുടെ ഇടപാട് താൻ കേട്ടതായാണ് കെപി ഗോസാവിയുടെ സ്വകാര്യ അംഗരക്ഷകനാണെന്ന് അവകാശപ്പെടുന്ന പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്.

അതേസമയം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ ഈ ആരോപണം നിഷേധിക്കുകയും, ഉചിതമായ മറുപടി നൽകുമെന്ന് പറയുകയും ചെയ്തു.

പ്രഭാകർ സെയിലിന്റെ ഈ അവകാശവാദത്തെ അടിസ്ഥാനരഹിതം എന്നാണ് ഏജൻസി വിശേഷിപ്പിക്കുന്നത്, കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് പ്രതികൾ ജയിലിൽ കഴിയുന്നത് എന്ന് ഏജൻസിയിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചതായി എൻ.ഡി.ടി വി റിപ്പോർട്ട് ചെയ്തു.

എൻ.സി.ബിയുടെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താൻ മാത്രമാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും. ഓഫീസിൽ സിസിടിവി ക്യാമറകൾ ഉണ്ടെന്നും അത്തരത്തിലുള്ള ഒരു ഇടപാടും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഒക്‌ടോബർ രണ്ടിന് മുമ്പ് പ്രഭാകർ സെയിലിനെ തങ്ങൾ കണ്ടിട്ടില്ലെന്നും അയാൾ ആരാണെന്ന് അറിയില്ല എന്നും എൻ.സി.ബി ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായാണ് റിപ്പോർട്ട്.

Read more

ഈ സത്യവാങ്മൂലം എൻഡിപിഎസ് കോടതിയിൽ എത്തിയാൽ അവിടെ മറുപടി നൽകും എന്നും ഉദ്യോഗസ്ഥർ പറയുന്നു.