ബ്രാഹ്മണ ക്ഷേമ ബോർഡ് സ്ഥാപിക്കും; പ്രഖ്യാപനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

സംസ്ഥാനത്ത് ബ്രാഹ്മണ ക്ഷേമ ബോർഡ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കഴിഞ്ഞദിവസമാണ് മന്ത്രി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. ഭോപ്പാലിലെ ക്ഷേത്ര സമുച്ചയത്തിൽ പരശുരാമൻ ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന അക്ഷയോത്സവത്തിൽ സംസാരിക്കവേയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ ഇക്കാര്യം അറിയിച്ചത്.

മധ്യപ്രദേശിലെ ബ്രാഹ്മണ സംഘടനയുടെ ദീർഘകാലമായുള്ള ആവശ്യമാണ് വെൽഫെയർ ബോർഡ് . മതവും സംസ്‌കാരവും സംരക്ഷിക്കുന്നതിൽ ബ്രാഹ്മണർ സവിശേഷമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ചൗഹാൻ പറഞ്ഞു. മാന്ത്രിക ക്രിയകളിലൂടെ വിവാദങ്ങൾ ഉയർത്തിയ ബാഗേശ്വർ ധാമിലെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയും ചൗഹാനൊപ്പം ഉണ്ടായിരുന്നു.

ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ഗുഫാ മന്ദിറിനോട് ചേർന്ന് പുതിയ കെട്ടിടം നിർമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. “പരശുരാമൻ നീതിയുടെ ദൈവമായിരുന്നുവെന്നു അടിച്ചമർത്തുവരെ നശിപ്പിക്കാൻ അവൻ ആയുധമെടുത്തു. അദ്ദേഹത്തിന്റെ പ്രചോദനത്താൽ മധ്യപ്രദേശിൽ ഗുണ്ടകൾക്കും അക്രമികൾക്കും നക്‌സലൈറ്റുകൾക്കുമെതിരെ കർശനമായ നടപടി സ്വീകരിക്കുന്നു,” ചൗഹാൻ പറഞ്ഞു.

സംസ്ഥാനത്ത് എട്ടാം ക്ലാസിലെ സിലബസിൽ ഭഗവാൻ പരശുരാമന്റെ ജീവിതരേഖ ഉൾപ്പെടുത്തും. സംസ്‌കൃതം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും വൈദികർക്ക് ഓണറേറിയവും നൽകാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. സർക്കാർ സ്‌കൂളുകളിൽ 3,547 സംസ്‌കൃത അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ പേരെ നിയമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.