സ്ത്രീകൾക്ക് തൊഴിൽ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്; മൂന്ന് ലൈംഗിക തൊഴിലാളികളെ സ്വതന്ത്രരാക്കി ബോംബെ ഹൈക്കോടതി

ലൈംഗിക തൊഴിൽ നിയമപ്രകാരം കുറ്റകരമല്ല എന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച മൂന്ന് ലൈംഗിക തൊഴിലാളികളെ ഒരു വനിതാ ഹോസ്റ്റലിലെ തടവിൽ നിന്നും ബോംബെ ഹൈക്കോടതി മോചിപ്പിച്ചു. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് അവളുടെ തൊഴിൽ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്, അവളുടെ സമ്മതമില്ലാതെ തടങ്കലിൽ വെയ്ക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.

1956- ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ടിന്റെ ഉദ്ദേശ്യവും ലക്ഷ്യവും വേശ്യാവൃത്തി ഇല്ലാതാക്കുക എന്നല്ലെന്ന്  ജസ്റ്റിസ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. “വേശ്യാവൃത്തിയെ ക്രിമിനൽ കുറ്റമാക്കി മാറ്റുന്ന അല്ലെങ്കിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതിനാൽ ഒരാളെ ശിക്ഷിക്കുന്ന വ്യവസ്ഥ നിയമപ്രകാരം ഇല്ല,” ജഡ്ജി പറഞ്ഞു.

നിയമപ്രകാരം ശിക്ഷാർഹമായത് വാണിജ്യാവശ്യങ്ങൾക്കായി ഒരാളെ ചൂഷണം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതോ പൊതുസ്ഥലങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി ഒരാളെ നിർബന്ധിക്കുന്നതോ ആണെന്ന് വ്യക്തമാക്കിയ കോടതി, യഥാക്രമം 20, 22, 23 വയസ് പ്രായമുള്ള മൂന്ന് യുവതികളെ മോചിപ്പിച്ചു.

മുംബൈ പൊലീസിന്റെ സാമൂഹിക സേവന വിഭാഗം 2019 സെപ്റ്റംബറിൽ ഉപഭോക്താവാണെന്ന് പറഞ്ഞ് മലാഡിലെ ചിൻചോളി ബിൻഡർ പ്രദേശത്ത് നിന്ന് സ്ത്രീകളെ കടത്തി കൊണ്ടുവരികയായിരുന്നു. തുടർന്ന് അവരെ ഒരു മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, മൂന്നുപേരെയും ഒരു വനിതാ ഹോസ്റ്റലിലേക്ക് റിമാൻഡ് ചെയ്യുകയും ഒരു പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.

മൂന്നുപേരുടെയും മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത് അവരുടെ താത്പര്യത്തിനല്ലെന്ന് മജിസ്‌ട്രേറ്റ് കണ്ടെത്തിയതിനാൽ 2019 ഒക്ടോബർ 19 -ന് മജിസ്‌ട്രേറ്റ് സ്ത്രീകളുടെ കസ്റ്റഡി അതത് അമ്മമാർക്ക് കൈമാറാൻ വിസമ്മതിച്ചു. പകരം ഉത്തർപ്രദേശിലെ വനിതാ ഹോസ്റ്റലിൽ സ്ത്രീകളെ പാർപ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചു.

ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള സ്ത്രീകൾ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണെന്നും ഈ സമുദായത്തിൽ വേശ്യാവൃത്തിയുടെ ഒരു നീണ്ട പാരമ്പര്യമുണ്ടെന്നും പ്രൊബേഷൻ ഓഫീസർമാരുടെ റിപ്പോർട്ട് വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇത്.

2019 നവംബർ 22- ന് ദിൻഡോഷി സെഷൻസ് കോടതി മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ശരിവെച്ചതിനെ തുടർന്ന് സ്ത്രീകൾ അഭിഭാഷകൻ അശോക് സരോഗി വഴി കോടതിയെ സമീപിച്ചു.

രണ്ട് ഉത്തരവുകളും ഹൈക്കോടതി വ്യാഴാഴ്ച പിൻവലിച്ചു. “ഹർജിക്കാർ, സ്ത്രീകൾക്കാണ് ഇവിടെ പ്രാധാന്യം, അതിനാൽ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നതു പോലെ അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും ഇന്ത്യയുടെ പ്രദേശത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനും സ്വന്തം തൊഴിൽ തിരഞ്ഞെടുക്കാനും അവകാശമുണ്ട്,” ജഡ്ജി പറഞ്ഞു.

തടവിൽ വെയ്ക്കാൻ ഉത്തരവിടുന്നതിന് മുമ്പ് മജിസ്‌ട്രേറ്റ് സ്ത്രീകളുടെ സന്നദ്ധതയും സമ്മതവും പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോടതി പറഞ്ഞു. ഹർജിക്കാർ ഒരു പ്രത്യേക ജാതിയിൽ പെട്ടവരാണെന്നും ആ സമുദായത്തിലെ പെൺകുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതിന്റെ ഒരു നീണ്ട ചരിത്രമുണ്ടെന്നുമുള്ള റിപ്പോർട്ടിനാൽ മജിസ്‌ട്രേറ്റ് സ്വാധീനിക്കപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ താത്പര്യം കണക്കിലെടുത്ത് നിയമാനുസൃതമായി അവരെ സർക്കാരിന്റെ അഭയ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാന സർക്കാരിന് കോടതിയുടെ നിർദേശങ്ങൾ ആവശ്യപ്പെടാമെന്ന് സിംഗിൾ ജഡ്ജി ബെഞ്ച് പറഞ്ഞു. എന്നാൽ പൊതുനിയമം അനുശാസിക്കുന്ന മറ്റെല്ലാത്തിനും മുകളിലാണ് അവരുടെ മൗലികാവകാശങ്ങൾ എന്ന് കോടതി വ്യക്തമാക്കി.