പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് സ്‌ഫോടനം; വിശദീകരണം തേടി മുഖ്യമന്ത്രി

മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് സ്‌ഫോടനം. രഹസ്യാന്വേഷണ ഓഫീസിന്റെ മൂന്നാം നിലയിലാണ് സ്‌ഫോടനം ഉണ്ടായത്. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകള്‍ തകരുകയും വസ്തുവകകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സി ഒരു സംഘത്തെ ഇന്റലിജന്‍സ് ഓഫീസിലേക്ക് അയക്കും. പഞ്ചാബ് മുഖ്യമന്തി ഭഗവന്ത് മാന്‍ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.

‘എസ്എഎസ് നഗറിലെ സെക്ടര്‍ 77ലെ പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് രാത്രി 7.45 ഓടെ ഒരു ചെറിയ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഫോറന്‍സിക് സംഘത്തെ വിളിച്ചിട്ടുണ്ട്,’ മൊഹാലി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രദേശത്ത് വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഉള്ളിലേക്ക് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞതായാണ് പൊലീസിന്റെ നിഗമനം. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇന്റലിജന്‍സ് ഓഫീസ് കെട്ടിടത്തിന് സമീപം ചണ്ഡീഗഡ് പൊലീസിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിനെയും നിയോഗിച്ചു.