ബിജെപി സഖ്യം ദോഷം ചെയ്തു; ദേശീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് അണ്ണാ ഡിഎംകെ

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണ്ണാ ഡിഎംകെ ദേശീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി. കോണ്‍ഗ്രസ് ഹൈക്കമാന്റ് കെ സെല്‍വപെരുന്തഗൈയെ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചതിന് പിന്നാലെയാണ് അണ്ണാ ഡിഎംകെ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി സെല്‍വപെരുന്തഗൈ സ്ഥാനമേറ്റതിന് പിന്നാലെ അണ്ണാ ഡിഎംകെ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ സാധ്യത നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് അണ്ണാ ഡിഎംകെ. അനാവശ്യമായ സഖ്യം പാര്‍ട്ടിയെ സാരമായി ബാധിക്കുമെന്ന നിലപാടിലാണ് അണ്ണാ ഡിഎംകെ.

മുന്‍പ് ബിജെപിയുമായി സഖ്യം ചേര്‍ന്നത് പാര്‍ട്ടിയെ സാരമായി ബാധിച്ചുവെന്നും ഇനിയൊരിക്കലും അതിന് ആഗ്രഹിക്കുന്നില്ലെന്നും എടപ്പാടി പളനിസ്വാമി അറിയിച്ചു. ബിജെപി സഖ്യം ഉപേക്ഷിച്ചതോടെ ഏറെ ന്യൂനപക്ഷ സമുദായ നേതാക്കള്‍ പാര്‍ട്ടിയിലെത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നത് അണ്ണാ ഡിഎംകെ മാത്രമാണെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു.