ബിഹാര്‍ തിരഞ്ഞെടുപ്പ് നവംബറില്‍?; മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ്; ദീപാവലി അടക്കം ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് തിയ്യതി പ്രഖ്യാപനം

നവംബര്‍ 22ന് ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലാവധി കഴിയുമെന്ന് ഇരിക്കെ എസ്‌ഐആര്‍ (തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം) ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിനൊടുവില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്നും തിരഞ്ഞെടുപ്പ് തീയതി കമ്മിഷന്‍ അടുത്ത മാസം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ദുര്‍ഗ്ഗാ പൂജയ്ക്കും ദസറയ്ക്കും ശേഷം, ഒക്ടോബര്‍ ആദ്യവാരമോ രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തിലോ പ്രഖ്യാപനം ഉണ്ടായേക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബറില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ദീപാവലിയും ഛഠ്പൂജയും കണക്കിലെടുത്താവും തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുക. നവംബര്‍ 15-നും 20-നും ഇടയില്‍ വോട്ടെണ്ണല്‍ നടന്നേക്കും. നവംബര്‍ 22-ന് മുമ്പായി മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും പൂര്‍ത്തിയാകുമെന്നുമാണ് വിവരം.

ഈ വര്‍ഷത്തെ പോരാട്ടം വീണ്ടും ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സും പ്രതിപക്ഷത്തിന്റെ ഇന്ത്യാ ബ്ലോക്കും തമ്മിലാണ്. ബിജെപി, ജനതാദള്‍ (യുണൈറ്റഡ്), ലോക് ജനശക്തി പാര്‍ട്ടി (റാംവിലാസ്) എന്നിവ ഉള്‍പ്പെടുന്ന എന്‍ഡിഎ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ വോട്ട് ചോരിയും ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തില്‍ അധികാരത്തില്‍ എത്താമെന്ന് ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നയിക്കുന്ന പ്രതിപക്ഷ ക്യാമ്പ്, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവ ചേര്‍ന്ന് കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്.

Read more

243 അംഗങ്ങളുള്ള നിലവിലെ ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 131 എംഎല്‍എമാരുണ്ട്. ഇതില്‍ ബിജെപിക്ക് 80, ജെഡിയുവിന് 45, എച്ച്എഎം(എസ്)-ന് 4 എംഎല്‍എമാരും, രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയുമുണ്ട്. പ്രതിപക്ഷ സഖ്യത്തില്‍ 111 അംഗങ്ങളുണ്ട്, ആര്‍ജെഡി 77, കോണ്‍ഗ്രസ് -19, സിപിഐ (എംഎല്‍) -11, സിപിഐ (എം) -2, സിപിഐ -2 എംഎല്‍എമാര്‍ എന്നിങ്ങനെയാണ് പ്രതിക്ഷത്തെ അംഗനില.