'ഭാവി പദ്ധതി പ്രഖ്യാപിക്കാൻ,' ഭൂപീന്ദർ സിംഗ് ഹൂഡയുടെ റാലി ഇന്ന്; ഹരിയാന കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന

മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ ‘പരിവർത്തൻ മഹാ റാലി’ ഇന്ന് റോഹ്തക്കിൽ വച്ച് നടക്കും. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഹൂഡ കോൺഗ്രസുമായി ബന്ധം വേർപെടുത്തി ഒരു പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുകയോ മറ്റൊരു ദേശീയ പാർട്ടിയുമായി കൈകോർക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റാലി.

ഇന്നു നടക്കാനിരിക്കുന്ന റാലിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ല. അതിനാൽ തന്നെ ഹരിയാനക്ക് പുതിയ രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്നതായിരിക്കും ഹൂഡയുടെ റാലി എന്നാണ് സൂചനകൾ. അതേസമയം ഇത്തരം ഊഹങ്ങൾ ഹൂഡ ശക്തമായി നിഷേധിച്ചിരുന്നുവെങ്കിലും, ഇതിന് വിപരീതമായ സൂചനകളാണ് ഹൂഡയോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്.

ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അശോക് തൻവറുമായുള്ള ഹൂഡയുടെ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെയാണ് നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് ഹൂഡ തയ്യാറെടുക്കുന്നത്. ഹരിയാനയിലെ ജാട്ട് സമൂഹത്തിന്റെ പ്രതിനിധി ആണ് ഹൂഡ. 2014 ഫെബ്രുവരിയിൽ അശോകിനെ ഹരിയാന കോൺഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചതുമുതൽ അദ്ദേഹവും ഹരിയാന കോൺഗ്രസ് മേധാവി അശോക് തൻവാറും തമ്മിൽ തർക്കത്തിലാണ്. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അടുത്തയാളാണ് അശോക്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന യൂണിറ്റിനെ പുനരുജ്ജീവിപ്പിക്കാൻ പാർട്ടി നേതൃത്വത്തിനോട് ഹൂഡ ആവശ്യപ്പെട്ടിരുന്നു.

Read more

അതേസമയം, ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2,100 കിലോമീറ്റർ ദൈർഘ്യമുള്ള റാലി സംഘടിപ്പിക്കാൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തറും ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.