നന്ദിഗ്രാമിൽ നടന്ന ഗൂഡലോചനയ്ക്ക് ഉചിതമായ മറുപടി ഭബാനിപൂർ നൽകി: മമത ബാനർജി

ഭബാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദക്ഷിണ കൊൽക്കത്ത മണ്ഡലമായ ഭബാനിപൂരിലെ ഉപതിരഞ്ഞെടുപ്പിൽ 58,832 വോട്ടിന് വിജയിച്ചതിനെ തുടർന്നാണ് മമത ബാനർജിയുടെ വാക്കുകൾ. ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി ബിജെപിയുടെ പ്രിയങ്ക തിബ്രേവാളിനും സിപിഐഎമ്മിന്റെ ശ്രീജിബ് ബിശ്വാസിനും എതിരായാണ് മത്സരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മമത ബാനർജി മുഖ്യമന്ത്രിസ്ഥാനം നിലനിർത്താനാണ് ഭബാനിപൂരിൽ നിന്ന് മത്സരിച്ചത്. നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോടായിരുന്നു മമത ബാനർജി തോറ്റത്. നന്ദിഗ്രാമിൽ നടന്ന ഗൂഡലോചനയ്ക്ക് ഭബാനിപൂരിലെ ജനങ്ങൾ ഉചിതമായ മറുപടിയാണ് നൽകിയതെന്ന് മമത ബാനർജി പറഞ്ഞു.

” ഇന്ത്യയിലെ സഹോദരി സഹോദരന്മാർക്കും അമ്മമാർക്കും എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. 2016-ൽ ഏതാനും വാർഡുകളിൽ എനിക്ക് കുറച്ച് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 46 ശതമാനം വോട്ടർമാരും ബംഗാളികളല്ലാത്തവരാണ്, എല്ലാവരും എനിക്ക് വോട്ട് ചെയ്തു, “മമത ബാനർജി പറഞ്ഞു.

“ബംഗാളിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചതുമുതൽ, ഞങ്ങളെ അധികാരത്തിൽ നിന്ന് നീക്കാൻ കേന്ദ്രം ഗൂഢാലോചനകൾ നടത്തി. എന്റെ കാലിൽ മുറിവേറ്റു. ഞങ്ങൾക്ക് വോട്ട് ചെയ്ത പൊതുജനങ്ങളോടും 6 മാസത്തിനുള്ളിൽ വോട്ടെടുപ്പ് നടത്തിയ ഇസിഐയോടും നന്ദി അറിയിക്കുന്നു,” മമത ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാളിൽ ‘മിനി ഭാരത്’ എന്ന് വിളിക്കപ്പെടുന്ന ഭബാനിപൂരിൽ ജനസംഖ്യയുടെ 40 ശതമാനം ഗുജറാത്തികളും പഞ്ചാബികളും മാർവാരികളും ബിഹാറികളുമാണ്.