പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; ഇനി മുതല്‍ അരമണിക്കൂര്‍ കൂടുതല്‍ പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. പ്രവര്‍ത്തന സമയം അരമണിക്കൂര്‍ കൂടി കൂട്ടി. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെ ഇനി ഇടപാടുകാര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാകും. നേരത്തെ മൂന്നര വരെയായിരുന്നു ബാങ്കിംഗ് സമയം. ഉച്ചഭക്ഷണ സമയം രണ്ടു മുതല്‍ രണ്ടര വരെയാക്കാനും തീരുമാനിച്ചു. തീരുമാനം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനസമയം ഏകീകരിക്കുന്നതിനാണ് നടപടി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇടപാടുകാരുടെ സൗകര്യത്തിനായി ഓരോ സംസ്ഥാനത്തെയും ബാങ്കിംഗ് സമയം ഏകീകരിക്കാന്‍ 9 മുതല്‍ 3 വരെ, 10 മുതല്‍ 4 വരെ, 11 മുതല്‍ 5 വരെ എന്നീ പ്രവൃത്തിസമയങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കാനാണ് ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍ നിര്‍ദേശിച്ചിരുന്നത്.

എല്ലാ ബാങ്കുകളുടെയും അഭിപ്രായം തേടിയ ശേഷമാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.