'വാക്സിൻ ഉടൻ സ്വീകരിക്കും, ഡോക്ടർമാർ ദൈവദൂതർ'; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ബാബാ രാംദേവ്

കോവിഡ്​ വാക്​സിൻ സംബന്ധിച്ച മുൻ നിലപാടിൽ നിന്ന്​ മലക്കം മറിഞ്ഞ്​ യോഗ ഗുരു ബാബ രാംദേവ്​. ആയുർവേദത്തി​ൻെറയും യോഗയുടേയും സംരക്ഷണം തനിക്കുണ്ടെന്നും അതിനാൽ കോവിഡ്​ വാക്​സിൻ ആവശ്യമില്ലെന്നുമായിരുന്നു ബാബ രാംദേവിൻെറ പ്രസ്താവന. എന്നാൽ, താൻ വൈകാതെ കോവിഡ്​ വാക്​സിൻ സ്വീകരിക്കുമെന്നും ഡോക്​ടർമാർ ദൈവത്തി​ൻെറ ദൂതൻമാരാണെന്നുമാണ്​ രാംദേവിൻെറ പുതിയ പ്രസ്​താവന.

കോവിഡ്​ പ്രതിരോധത്തിൽ അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്​തിയെ സംബന്ധിച്ച്​ രാംദേവ്​ നടത്തിയ പ്രസ്​താവന വലിയ വിവാദങ്ങൾക്ക്​ കാരണമായിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ അലോപ്പതി മരുന്നുകൾക്ക് സാധിക്കില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി രാംദേവ് പറഞ്ഞിരുന്നത്. ഇതിനെ തുടർന്ന് ഐഎംഎയുമായി കടുത്ത തർക്കങ്ങളും ഉണ്ടായി. എന്നാൽ, എല്ലാവർക്കും സൗജന്യമായി വാക്​സിൻ നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രകീർത്തിക്കുകയാണ്​ രാംദേവിപ്പോൾ. ചരിത്രപരമായ തീരുമാനമാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തതെന്ന്​ രാംദേവ്​ പറഞ്ഞു.

യോഗയ്ക്കും ആയുർവേദത്തിനും ഒപ്പം രണ്ട് ഡോസ് വാക്സിൻ കൂടി എടുത്ത ഇരട്ട സുരക്ഷ കൈവരിക്കുക എന്നാണ് ഇപ്പോൾ രാംദേവ് പറയുന്നത്.  താൻ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്​ടർമാർ ദൈവത്തി​ൻെറ ദൂതൻമാരാണ്​. എന്നാൽ, ചില ഡോക്​ടർമാർ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്​. അടിയന്തര ചികിത്സക്കും ശസ്ത്രക്രിയകൾക്കും ആലോപ്പതിയാണ്​ നല്ലതെന്നും രാംദേവ്​ കൂട്ടിച്ചേർത്തു.