"ദേശീയത" എന്ന വാക്ക് ഒഴിവാക്കുക, അത് ഹിറ്റ്ലറുടെ നാസിസത്തെ സൂചിപ്പിക്കുന്നു: മോഹൻ ഭാഗവത്

അഡോൾഫ് ഹിറ്റ്ലറുടെ നാസിസത്തെ ഓർമ്മപ്പെടുത്തുന്നതിനാൽ ആളുകൾ “ദേശീയത” എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് വ്യാഴാഴ്ച പറഞ്ഞു.

ഇന്ന് റാഞ്ചിയിലെ മുഖർജി സർവകലാശാലയിൽ നടന്ന ആർ‌എസ്‌എസ് പരിപാടിയിലാണ് മോഹൻ ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്.

“ദേശീയത എന്ന പദം ഉപയോഗിക്കരുത്. രാഷ്ട്രം അല്ലെങ്കിൽ പൗരത്വം എന്ന വാക്കുകൾ ഉപയോഗിക്കുന്നത് ശരിയാണ്, പക്ഷേ ദേശീയത ഉപയോഗിക്കരുത് കാരണം അത് ഹിറ്റ്ലറുടെ നാസിസത്തെ ഓർമ്മപ്പെടുത്തുന്നു” യു.കെയിലെ ഒരു ആർ‌എസ്‌എസ് പ്രവർത്തകനുമായുള്ള സംഭാഷണം അനുസ്മരിച്ച്‌ ആർ‌എസ്‌എസ് മേധാവി പറഞ്ഞു.

മതമൗലികവാദം മൂലം രാജ്യത്തുടനീളം അശാന്തി നിലനിൽക്കുന്നുണ്ടെന്നും എന്നാൽ രാജ്യത്തെ വൈവിദ്ധ്യങ്ങൾക്കിടയിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

“മതമൗലികവാദം മൂലം രാജ്യത്ത് അശാന്തി നിലനിൽക്കുന്നു. അടിമയാകുകയോ ആരെയും അടിമയാക്കുകയോ ചെയ്യരുത് എന്നത് ഇന്ത്യയുടെ നയമാണ്. എല്ലാവരേയും ഒന്നിപ്പിക്കുന്ന ഗുണം ഇന്ത്യയിലുണ്ട്. ഇന്ത്യൻ സംസ്കാരം ഹിന്ദു സംസ്കാരമാണ്. വൈവിദ്ധ്യമുണ്ടായിട്ടും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ” മോഹൻ ഭാഗവത് പരിപാടിയിൽ പറഞ്ഞു.

ഇന്ത്യയെ ലോകനേതാവാക്കുക എന്ന അന്തിമ ലക്ഷ്യത്തോടെ ആർ‌എസ്‌എസ് വികസിക്കുകയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. രാജ്യം മുന്നോട്ട് പോകുന്നതിനു അനുസരിച്ച്, രാജ്യത്തെ ബന്ധിപ്പിക്കുന്നതിന് വേണ്ടി ഹിന്ദുത്വ അജണ്ടയുമായി ആർ.എസ്.എസ് മുന്നോട്ട് പോകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

“ഇന്ത്യ ഒരു ലോക ഗുരുവാകണം. ഇന്ത്യ ഒരു രാജ്യമായി വളർന്നപ്പോൾ അത് ലോകത്തിന് നല്ലതാണെന്ന് തെളിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.