യുപിയിൽ പ്രതിശ്രുതവരനൊപ്പം പാർക്കിലിരുന്ന യുവതിയെ പൊലീസുകാർ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി, 5 ലക്ഷം ആവശ്യപ്പെട്ടു; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

യുപിയിൽ 22 കാരിയായ യുവതിയെ പൊലീസുകാർ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന് പരാതി. പ്രതിശ്രുതവരനൊപ്പം പാർക്കിൽ ഇരിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് ബന്ദിയാക്കി പീഡിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ രാകേഷ് കുമാർ, ദിഗംബർ കുമാർ, മറ്റൊരു പൊലീസുകാരൻ എന്നിവർക്കെതിരെ കേസെടുത്തു.

സെപ്റ്റംബർ 16 നാണു സംഭവം. നോയിഡ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയും ബുലന്ദ്ഷഹർ സ്വദേശിയായ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവൻ ന​ഗരവനം സന്ദർശിക്കുമ്പോൾ മൂന്ന് പൊലീസുകാർ അടുത്തെത്തുകയും യുവാവിനെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ പണമില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ച് പൊലീസുകാരുടെ കാലിൽ വീണെങ്കിലും അവർ അയഞ്ഞില്ല.

തുടർന്ന് ​പേടിഎം വഴി 1000 രൂപ നൽകാൻ പ്രതിശ്രുത വരനെ നിർബന്ധിച്ചു. അത് നൽകിയെങ്കിലും 5.5 ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പൊലീസുകാർ തന്നെ തല്ലിയെന്നും ലൈം​ഗികബന്ധത്തിന് രാകേഷ് കുമാർ തന്നെ നിർബന്ധിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. വിട്ടയക്കുന്നതിന് മുമ്പ് ഇരുവരെയും ഏകദേശം മൂന്ന് മണിക്കൂറോളം ബന്ദികളാക്കി പീഡിപ്പിച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ആവർത്തിച്ചുള്ള ഫോൺ കോളുകളിലൂടെ പ്രതികൾ യുവതിയെ ശല്യപ്പെടുത്തുകയും യുവതിയുടെ വീട്ടിലെത്തുകയും ചെയ്തു.

സെപ്തംബർ 19ന് രാകേഷ് കുമാർ യുവതിയെ വിളിക്കുകയും വീണ്ടും ലൈം​ഗികാവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ തെളിവായി ഹാജരാക്കാൻ യുവതി സംഭാഷണം റെക്കോർഡ് ചെയ്തു. തുടർന്ന് കേസ് ഫയൽ ചെയ്യാൻ ഇരുവരും തീരുമാനിച്ചതായി മനസിലാക്കിയ പ്രതികളിലൊരാളായ രാകേഷ് കുമാർ യുവതിയുടെ വീട്ടിലെത്തി വീണ്ടും ഭീഷണിപ്പെടുത്തി.

Read more

ഭയവും മാനസികാഘാതവും കാരണം പരാതി നൽകാൻ കഴിയാതിരുന്ന യുവതി 10 ദിവസത്തിന് ശേഷമാണ് ഡൽഹി പൊലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ച് പരത്തി അറിയിച്ചത്. തുടർന്ന് സെപ്തംബർ 28ന് പ്രതികൾക്കെതിരെ കോട്വാലി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. ഐപിസി 354 എ (1)(ii), 323, 504, 342 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇതു കൂടാതെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. മൂന്ന് പ്രതികളും ഒളിവിലാണെന്ന് ഗാസിയാബാദ് സീനിയർ പൊലീസ് ഓഫീസർ നിമിഷ് പാട്ടീൽ പറഞ്ഞു, ഇവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.