സിദ്ദു മൂസെവാലയുടെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍. ഉത്തരാഖണ്ഡില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതി തീര്‍ത്ഥാടകര്‍ക്കിടെയില്‍ ഒളിച്ച് കഴിയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പഞ്ചാബ് പൊലീസും ഉത്തരാഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

സിദ്ദുവിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം സിബിഐയോ എന്‍ഐഎയോ ഏല്‍പ്പിക്കണമെന്ന് സിദ്ദുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സിദ്ദുവിന്റെ സുരക്ഷ പിന്‍വലിച്ചതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കും.

കുറ്റക്കാരെ വെറുതെ വിടില്ലെന്നും എല്ലാവരും ശാന്തമായിരിക്കണം. സംഘര്‍ഷത്തിലേക്ക് കടക്കരുതെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ കാല ജത്തേരി, കാല റാണ എന്നിവരടക്കം ആറു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സംഘവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം.

ആക്രമണത്തിന് ഉപയോഗിച്ച തോക്കുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് നിഗമനം. സിദ്ദു കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പ് അദ്ദേഹത്തിന്റെ വാഹനത്തെ രണ്ട് കാറുകള്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിദ്ദുവിന്റെ വാഹനത്തിനു തൊട്ടുപിന്നാലെയായി കാറുകള്‍ പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ അംഗമായ കാനഡയില്‍ താമസിക്കുന്ന ലക്കി കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെന്നും പൊലീസ് അറിയിച്ചു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ച് ഇന്നലെയാണ് സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ദു മൂസെവാല ഉള്‍പ്പെടെയുളള 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. 2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായാണ് സിദ്ദു മൂസെവാല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസെവാലയുടെ ശരിയായ പേര്.