അസമിലും പുതുച്ചേരിയിലും വോട്ടര്‍മാരുടെ നീണ്ടനിര; 11 മണിവരെ അസമില്‍ 126 മണ്ഡലങ്ങളിലായി 38.9% പോളിംഗ്; പുതുച്ചേരിയില്‍ 37.1% പോളിംഗ്

കേരളത്തിനൊപ്പം ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും പുതുച്ചേരിയിലും മികച്ച രീതുയില്‍ പോളിംഗ് പുരോഗമിക്കുന്നു. അസമില്‍ 11 മണിവരെ രേഖപ്പെടുത്തിയ പോളിംഗ് ഉയര്‍ന്നതാണ്. 38.9% പോളിംഗ് ആണ് അസമില്‍ 11 മിവരെ രേഖപ്പെടുത്തിയത്. 37.1% ശതമാനം ആളുകള്‍ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും വോട്ട് വോട്ട് രേഖപ്പെടുത്തി.

അസമില്‍ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഭരണകക്ഷിയായ ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിടുമ്പോള്‍, 2016 ലെ പരാജയത്തിനു ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 722 സ്ഥാനാര്‍ഥികളാണ് അസം സംസ്ഥാനത്ത് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ മിക്ക പോളിങ് സ്റ്റേഷനുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമാണ്. 1.25 കോടി സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 2.5 കോടി വോട്ടര്‍മാരാണ് 31,490 പോളിംഗ് സ്റ്റേഷനുകളിലായി അസമില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ എന്നിവരാണ് അസമിലെ മുന്‍നിര സ്ഥാനാര്‍ഥികള്‍. അസമില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. 2023-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നടന്ന മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മുസ്ലീം സമുദായ വോട്ടുകള്‍ സ്വാധീനമുള്ള പ്രദേശങ്ങളിലെ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം വിവാദപരമായിരുന്നു.

പുതുച്ചേരിയില്‍ ബിജെപിയുടേയും എഐഎഡിഎംകെയുടേയും സഖ്യകക്ഷിയായ രംഗസ്വാമിയുടെ എന്‍ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് മത്സരം. നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) പുതുച്ചേരി തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. പുതുച്ചേരിയിലെ 33 അംഗ നിയമസഭയില്‍ (30 തിരഞ്ഞെടുക്കപ്പെട്ട സീറ്റുകള്‍) മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎന്‍ആര്‍സി – ബി.ജെ.പി സഖ്യം (എന്‍ഡിഎ), കോണ്‍ഗ്രസ് – ഡിഎംകെ സഖ്യവുമായി ശക്തമായ മത്സരമാണ് നടത്തുന്നത്. രംഗസാമിയും മുന്‍ മുഖ്യമന്ത്രി വി. വൈത്തിലിംഗവും ഏറ്റുമുട്ടുന്ന തട്ടഞ്ചാവടി മണ്ഡലത്തിലാണ് ഏവരുടെയും ശ്രദ്ധ. ദീര്‍ഘകാലമായുള്ള സംസ്ഥാന പദവി എന്ന ആവശ്യം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, 30-ല്‍ 23 സീറ്റുകളുള്ള പുതുച്ചേരി ജില്ലയിലെ കുടിവെള്ള മലിനീകരണം എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍.

നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഈ തിരഞ്ഞെടുപ്പിലെ ഒരു നിര്‍ണായക ഘടകമാണ്. ടിവികെയുടെ ജനപ്രീതി ഫലങ്ങളെ അപ്രതീക്ഷിതമായി സ്വാധീനിച്ചേക്കാം.