അശോക് ലവാസയുടെ ഇടപെടല്‍ ഫലം കണ്ടു; പ്രധാനമന്ത്രിയുടെ ഓഫീസിനും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയത് പുനഃപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കുന്ന നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളില്‍ തീവ്രമായ വിയോജിപ്പ് ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്ന് മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗം അശോക് ലവാസ യോഗത്തില്‍ നിന്ന് രണ്ടാഴ്ചയായി വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ലവാസയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി എന്ന ആരോപണത്തില്‍ നീതി ആയോഗിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

ഗോണ്ടിയ, വര്‍ധ, ലത്തൂര്‍ എന്നിവിടങ്ങളിലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് മുന്‍പെ ഈ പ്രദേശങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി പ്രധാന മന്ത്രിയുടെ ഓഫീസ് നീതി അയോഗിനെ ദുരുപയോഗം ചെയ്തു എന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ആഴ്ച തള്ളിക്കളഞ്ഞിരുന്നു. പരാതിയില്‍ കഴമ്പില്ല എന്നാണ് മെയ് 12നു നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ സന്ദീപ് സക്‌സേന പറഞ്ഞത്.

മഹാരാഷ്ട്രയിലെ ലത്തൂരിലും കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയിലും ഗുജറാത്തിലെ പത്താനിലും മോദി നടത്തിയ പ്രസംഗങ്ങളാണ് ലവാസയുടെ വിയോജിപ്പോടെ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്കിയത്.ഇപ്പോള്‍ തന്റെ വിയോജന കുറിപ്പ് ക്ലീന്‍ ചിറ്റില്‍ ഉള്‍പ്പെടുത്തണം എന്ന് ലവാസ ആവശ്യപ്പെട്ടതായും വാര്‍ത്ത പുറത്തുവരുന്നുണ്ട്.

.മറ്റ് പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ തുടര്‍ച്ചയായി പെരുമാറ്റ ചട്ടലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ആറ് കേസുകളില്‍ മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.മോദിക്കും ബിജെപിയുടെ അമിത്ഷാ അടക്കമുളള നേതാക്കളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൃദു സമീപനം സ്വീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെല്ലാം നേരത്തെ മുതല്‍ ആരോപിക്കുന്നതാണ്.

പല കാര്യങ്ങളിലും ഏക തീരുമാനമെടുക്കുന്ന പാനലില്‍ ചിലകാര്യങ്ങളില്‍ ഭൂരിപക്ഷമനുസരിച്ചാണ് നിലപാടെടുക്കുന്നത്.ന്യൂനപക്ഷ തിരുമാനങ്ങള്‍ റിക്കോഡ് ചെയ്യപ്പെടാത്തതിനാല്‍ താന്‍ ഫുള്‍ കമ്മീഷന്‍ സിറ്റിംഗില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെന്ന് കാണിച്ച് ഈ മാസം നാലിന് ലവാസ മുഖ്യ കമ്മീഷണര്‍ക്ക് കത്ത് നല്‍കി. തന്റെ തീരുമാനം രേഖപ്പെടുത്താത്തതിനാല്‍ മീറ്റിംഗിലെ ചര്‍ച്ചകളിലുള്ള നിലപാടുകള്‍ അര്‍ഥമില്ലാതാകുന്നുവെന്നും അതുകൊണ്ട് വിട്ടു നില്‍ക്കുന്നുവെന്നുമാണ് ലവാസ നല്‍കിയ കത്തില്‍ പറയുന്നത്. എന്നാല്‍ ക്വാസി ജുഡീഷ്യല്‍ വിഷയങ്ങളുടെ ചര്‍ച്ചകളില്‍ മാത്രമെ ന്യൂനപക്ഷ അഭിപ്രായം റെക്കോഡ് ചെയ്യപ്പെടുകയുള്ളു എന്നും പോള്‍ കോഡ് ലംഘനം ഇതിന്റെ പരിധിയില്‍ വരുന്നില്ലെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.