'അസാനി' ശക്തിയാര്‍ജ്ജിച്ചു ; 24 മണിക്കൂറിനകം തീവ്ര ചുഴലിക്കാറ്റാകും

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടു.’അസാനി’ ചുഴലിക്കാറ്റ് 24 മണിക്കൂറിനുളളില്‍ തീവ്ര ചുഴലിക്കാറ്റാകും. ആന്ധ്ര, ഒഡീഷ തീരത്തുകൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. പോര്‍ട് ബ്ലെയറിന് 300 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങുമെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ ചുഴലിക്കാറ്റ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് നിഗമനം.

. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്ര ഒഡീഷ തീരങ്ങളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കുകയാണ്. ഈ വര്‍ഷം മൂന്നാമത്തെ ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നത്.