കുമ്പിട്ട് വണങ്ങാന്‍ ഇനി 'മഹാരാജ' ഇല്ല; ചിഹ്നത്തെ കൈവിടുന്നു, ലയനത്തിനു മുന്നോടിയായി പേരുകള്‍ ഒന്നാക്കി; വാനില്‍ കുറഞ്ഞ നിരക്കില്‍ കുതിക്കാന്‍ ടാറ്റ ഗ്രൂപ്പ്

എയര്‍ ഇന്ത്യയുടെ ഐക്കണിക് ചിഹ്നമായ ‘മഹാരാജയെ’ കൈവിടാന്‍ ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയ്ക്ക് പുതിയ മുഖം നല്‍കുന്നതിന്റെ ഭാഗമായാണ് മഹാരാജയെ ടാറ്റ ഒഴിവാക്കുന്നത്. 76 വര്‍ഷം എയര്‍ ഇന്ത്യയുടെ മുഖമായിരുന്നു മഹാരാജ.
വൃത്താകൃതിയിലുള്ള മുഖം, വലിപ്പം കൂടിയ നീണ്ട മൂര്‍ച്ചയുള്ള മീശ, ചുവപ്പും മഞ്ഞയും വരകളോട് കൂടിയ ഇന്ത്യന്‍ തലപ്പാവ്, രാജാവിനെപ്പോലെയുള്ള വ്യക്തിത്വം- ഇതായിരുന്നു എയര്‍ ഇന്ത്യയുടെ മഹാരാജ എന്ന ചിഹ്നം. 76 വര്‍ഷങ്ങളായി എയര്‍ ഇന്ത്യയുടെ മുഖമുദ്രയായിരുന്നു മഹാരാജ. എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്സ് ചെയര്‍മാനായിരുന്ന ബോബി കൂകയാണ് ‘മഹാരാജ’ രൂപകല്‍പന ചെയ്തത്. മഹാരാജിന്റെ കൂര്‍ത്ത മീശയുടെ പ്രചോദനം പാകിസ്താനില്‍ നിന്നുള്ള വ്യവസായി സയ്യിദ് വാജിദ് അലിയാണ് തയാറാക്കിയത്.

എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ക്കും പ്രീമിയം ക്ലാസുകള്‍ക്കും ‘മഹാരാജ’ ചിത്രം ഉപയോഗിക്കുന്നത് എയര്‍ ഇന്ത്യ തുടര്‍ന്നേക്കാം. എന്നാല്‍ ഇത് ഒരു ചിഹ്നമായി ഉപയോഗിക്കില്ല. ലോകപ്രശസ്തമായ ലോഗോ രൂപകല്‍പന ചെയ്തത് 1946ലാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ചുവപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളുടെ പുതിയ ചിഹ്നം സ്വീകരിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.

നേരത്തെ ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ലൈനായ വിസ്താരയും എയര്‍ ഇന്ത്യയും ഏകീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എയര്‍ ലൈനിന്റെ റീബ്രാന്‍ഡിങ്ങിനായി ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ആന്‍ഡ് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഫ്യൂച്ചര്‍ബ്രാന്‍ഡിനെ നിയമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുപ്രകാരം അടുത്ത മാസത്തോടെ പുതിയ രീതിയിലേക്ക് എയര്‍ലൈന്‍സ് മാറാനാണ് സാധ്യത.

എയര്‍ ഏഷ്യ ഇന്ത്യയെ എഐഎക്‌സ് കണക്ട് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് ടാറ്റയുടെ തീരുമാനം. ‘എയര്‍ ഇന്ത്യ എക്സ്പ്രസ്’ എന്ന ബ്രാന്‍ഡില്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് എഐഎക്‌സ് കണക്റ്റിന് റെഗുലേറ്ററി അനുമതി ലഭിച്ചു കഴിഞ്ഞു. എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുനര്‍നാമകരണം ചെയ്തുള്ള റീബ്രാന്‍ഡിങ്.

എയര്‍ ഏഷ്യ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും നിയമപരമായ ലയനത്തിന് മുമ്പ് തന്നെ ‘എയര്‍ ഇന്ത്യ എക്‌സ്പ്രസ്’ എന്ന പൊതു ബ്രാന്‍ഡ് നാമത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നതാണ് റെഗുലേറ്ററില്‍ നിന്നുള്ള അംഗീകാരം. ഇരു കമ്പനികളും തമ്മിലുള്ള ലയനത്തിനുള്ള തുടര്‍ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2005ലും എയര്‍ ഏഷ്യ ഇന്ത്യ 2014ലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിങ്ങനെ നിലവില്‍ നാല് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.