അരവിന്ദ് കെജ്‌രിവാൾ അര്‍ബന്‍ നക്‌സല്‍; വിമര്‍ശനവുമായി ബി.ജെ.പി നേതാവ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ. കെജ്‌രിവാള്‍ അര്‍ബന്‍ നക്‌സലാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ കുറിച്ച് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് വിമര്‍ശനം.

സിനിമയക്ക് നികുതി ഒഴിവാക്കണമെന്ന ബിജെപി എംഎല്‍മാരുടെ ആവശ്യത്തെ കെജ് രിവാള്‍ എതിര്‍ത്തിരുന്നു. ചിത്രത്തിന് നികുതി ഒഴിവാക്കുന്നതിന് പകരം നിര്‍മ്മാതാക്കള്‍ അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാന്‍ കഴിയുമെന്നാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്.

ഇതേ തുടര്‍ന്ന് സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അമിത് മാളവ്യ. നിര്‍ദയനും, ക്രൂരനും, മ്ലേഛമായ മനസ്സുള്ളയാള്‍ക്കും മാത്രമേ കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയില്‍ ചിരിക്കാനും നിഷേധിക്കാനും സാധിക്കൂ. കശ്മീര്‍ ഫയല്‍സ് നുണയാണ് എന്ന് പറഞ്ഞതിലൂടെ 32 കൊല്ലമായി സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളെ പോലെ ജീവിക്കേണ്ടി വന്ന ഹിന്ദു സമൂഹത്തിന്റെ മുറിവുകളെ ഉണര്‍ത്തിയെന്നും മാളവ്യ ട്വീറ്റ് ചെയ്തു.

അതേ സമയം 2016-ല്‍ ഡല്‍ഹിയില്‍ നില്‍ ബത്തേയ് സന്നത എന്ന സിനിമക്കും 2019-ല്‍ സാന്ദ് കി ആങ്ക് എന്ന് സിനിമക്കും നികുതി ഒഴിവാക്കിയതായി അറിയിച്ചുകൊണ്ടുള്ള കെജ്‌രിവാളിന്റെ ട്വീറ്റുമായി വിവിധ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് കെജ്രിവാള്‍ ഈ സിനിമകള്‍ യുട്യൂബിലിടാന്‍ പറയാഞ്ഞതെന്നും കശ്മീര്‍ ഫയല്‍സ് ഹിന്ദുക്കളുടെ വംശഹത്യ പറയുന്നതിനാലാണ് ഈ അര്‍ബന്‍ നക്സല്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും അമിത് മാളവ്യ പറയുന്നു.

നേരത്തെ ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും നികുതി ഇളവ് നല്‍കിയിട്ടുണ്ട്.