എഎപിയെ തകര്‍ക്കുകയാണ് ലക്ഷ്യം; ഇഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ

ആം ആദ്‌മി പാർട്ടിയെ തകർക്കുകയാണ് ഇഡിയുടെ ലക്ഷ്യമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തന്നെ അറസ്റ്റ്‌ ചെയ്യാൻ കുറച്ച് പേരുടെ മൊഴികൾ പര്യാപ്തമല്ലെന്ന് കെജ്‌രിവാൾ കോടതിയിൽ പറഞ്ഞു.  രണ്ട് വർഷത്തിലേറെയായി തുടരുന്ന കേസ് ആണിതെന്നും ഇതുവരെയും ഒരു കോടതിയും താൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കെജ്‌രിവാളിനെ എൻഫോഴ്‌‌സ്മെന്റ്റ് ഡയറക്‌ടറേറ്റ് ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. താൻ ഇഡി റിമാൻഡിനെ എതിർക്കുന്നില്ല. അവർക്ക് വേണ്ടത്ര കാലം തന്നെ കസ്റ്റഡിയിൽ വെക്കാം. പാർട്ടിക്കുമേൽ അഴിമതിയുടെ പുകമറ നിർമിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു.

എന്തുകൊണ്ട് ഇതെല്ലാം എഴുതി നൽകിക്കൂടെന്ന് കോടതി കെജ്‌രിവാളിനോട് ചോദിച്ചു. എന്നാൽ തനിക്ക് സംസാരിക്കണമെന്ന് മറുപടി നൽകിയ കെജ്‌രിവാളിനോട് അഞ്ചുമിനിറ്റിൽ കൂടുതൽ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കെജ്‌രിവാൾ ഗാലറിക്ക് വേണ്ടി കളിക്കുകയാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു.

മുഖ്യമന്ത്രി ആയതിനാലല്ല അദ്ദേഹത്തെ അറസ്റ്റ്‌  ചെയ്‌തതെന്നും കെജ്‌രിവാൾ 100 കോടി ആവശ്യപ്പെട്ടത്തിന് തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ബിജെപിയിലേക്ക് വന്നുവെന്ന് കെജ്‌രിവാൾ പറയുന്ന പണവുമായി മദ്യനയത്തിന് ബന്ധമൊന്നുമില്ലെന്നും ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജി എസ്.വി രാജു പറഞ്ഞു. യഥാർഥ അഴിമതി ആരംഭിച്ചത് ഇഡി കേസിന് ശേഷമാണെന്ന കെജ്‌രിവാളിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read more

കേസിൽ ആളുകളെ മാപ്പുസാക്ഷികളാക്കുകയും മൊഴിമാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കെജ്‌രിവാൾ പറഞ്ഞപ്പോൾ ഇഡി അതിനെ എതിർത്തു. കെജ്‌രിവാൾ അന്വേഷണത്തോട് ബോധപൂർവ്വം സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയിൽ അറിയിച്ചു. ഏഴ്‌ ദിവസം കൂടി കെജ്‌രിവാളിൻ്റെ കസ്റ്റഡി നീട്ടണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷം കോടതി വിധി പറയാൻ മാറ്റി.