ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. വടക്കന്‍ കശ്മീരിലെ ഗുരെസ് സെക്ടറിലെ ബറോം മേഖലയില്‍ നിയന്ത്രണരഖയ്ക്കടുത്താണ് ഇന്ത്യന്‍ ആര്‍മി ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റിനും കോ പൈലറ്റിനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അതിര്‍ത്തി സുരക്ഷ സേനാംഗങ്ങളെ കൂട്ടാനായി പോകവെയാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്നതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. ലാന്‍ഡ് ചെയ്യാന്‍ പോകുന്നതിനിടെ കാലാവസ്ഥ കാരണങ്ങള്‍ മൂലം തെന്നി മാറുകയായിരുന്നു.

മഞ്ഞുവീഴ്ചയടക്കമുള്ള സ്ഥലത്ത് സുരക്ഷ സേനയുടെ സംഘം തിരച്ചില്‍ നടത്തുകയാണ്. പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.