മേഘമലയില്‍ സഞ്ചാരികള്‍ക്ക് നിരോധനം, രാത്രി യാത്ര ഒഴിവാക്കാന്‍ മുന്നറിയിപ്പ്; അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനം വകുപ്പ്

മേഘമലയില്‍ സഞ്ചാരികള്‍ക്കുള്ള നിരോധനം തുടരും. ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്‍ മേഘമലയില്‍ തന്നെ തുടരുന്നതിനാലാണ് സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ കരുതലിന്റെ ഭാഗമായാണ് മേഘമലയിലേക്ക് കഴിഞ്ഞ ദിവസം മുതല്‍ വിനോദ സഞ്ചാരികളെ കടത്തി വിടുന്നത് നിര്‍ത്തിയത്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

ചിന്നക്കനാലിലെ പോലെ മേഘമലയില്‍ അരിക്കൊമ്പന്‍ ആക്രമണങ്ങള്‍ നടത്തുന്നില്ല. അതിനാല്‍ പെരിയാര്‍ കടുവ സാങ്കേതത്തിലേക്ക് തല്‍ക്കാലം തുരത്തേണ്ടെന്നാണ് തീരുമാനം. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് എത്തിച്ചത്.

റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. അരിക്കൊമ്പന്റെ സിഗ്നല്‍ ലഭിക്കാതെ വന്നത് വനം വകുപ്പിന് ആശങ്കയായിരുന്നു. പിന്നീട് തമിഴ്‌നാട് വനം വകുപ്പിന്റെ ഒരു സംഘം ഉള്‍ക്കാട്ടിലെത്തി അരിക്കൊമ്പനെ കണ്ടെത്തി.

ആന ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. 40 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മേഖലയില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.