ഇമ്രാന്‍ ഖാന്‍ ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാകും

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാകും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇമ്രാന്‍ ഹൈക്കോടതിയില്‍ ഹാജരാവുന്നത്. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ഇന്നലെ സുപ്രീംകോടതി വിധിച്ചിരുന്നു.

ഇന്ന് രാവിലെ ഇസ്ലമാബാദ് ഹൈക്കോടതിയില്‍ ഇമ്രാന്‍ ഖാന്‍ ഹാജരാകണം. ഹൈക്കോടതി തുടര്‍ നടപടികള്‍ നിര്‍ദേശിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇതേ ഹൈക്കോടതിയാണ് ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമപ്രകാരമാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അല്‍ ക്വാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ ചൊവ്വാഴ്ചയാണ് ഇമ്രാന്‍ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പില്‍ കയറി പാക് റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്തത്. കോടതിക്ക് ഉള്ളില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞു.

മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ അനുയായികളെ നിയന്ത്രിക്കണമെന്ന് ഇമ്രാനോട് കോടതി നിര്‍ദേശിച്ചു. ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പാകിസ്ഥാനില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി.

രാജ്യത്തെ ഇന്റര്‍നെറ്റും പൂര്‍ണമായും വിഛേദിച്ചിരിന്നു. പ്രധാന നഗരങ്ങള്‍ എല്ലാം തന്നെ പൊലീസിന്റെയും സൈന്യ-അര്‍ധ സൈനിക വിഭാഗത്തിന്റെയും നിയന്ത്രണത്തിലാണ്. രണ്ട് പ്രവിശ്യകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു.