നിങ്ങളാണോ രാമക്ഷേത്രത്തിന്റെ പൂജാരി; അമിത് ഷാ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ട മന്ത്രിയാണ്; വിമര്‍ശനം കടുപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

യോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ക്ഷേത്രം തുറക്കുന്ന തിയതി പുറത്തുവിട്ട അമിത് ഷാ മുഖ്യപൂജാരിയാണോയെന്ന് അദേഹം ചോദിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ട മന്ത്രി ക്ഷേത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത ബിജെപി സര്‍ക്കാര്‍ പൊതു ജനങ്ങളുടെ ശ്രദ്ധ തരിച്ചുവിടാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ പോയി അമിത് ഷാ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി ഒന്നിനാണെന്ന് പ്രഖ്യാപിക്കുന്നു. എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ എന്തിനാണ് തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിക്കുന്നത്-ഖാര്‍ഗെ ചോദിച്ചു.

”നിങ്ങളാണോ രാമക്ഷേത്രത്തിന്റെ പൂജാരി. നിങ്ങളാണോ രാമക്ഷേത്രത്തിന്റെ മഹന്ത്. ക്ഷേത്രഭാരവാഹികള്‍ അതിനെക്കുറിച്ച് സംസാരിക്കട്ടെ. ക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ ആരാണ് നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യം സുരക്ഷിതമാക്കുക, ക്രമസമാധാനം നിലനിര്‍ത്തുക, ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് മതിയായ വില നല്‍കുക എന്നിവയാണ് നിങ്ങളുടെ ജോലി”- എന്നും ഗാര്‍ഖെ ഷായെ ഓര്‍മിപ്പിച്ചു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ്, 2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാക്ഷേത്രത്തിന്റെ സൃഷ്ടാവെന്നും അമിത്ഷാ വ്യക്തമാക്കി. ത്രിപുരയില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും സി പി എമ്മും രാമക്ഷേത്ര നിര്‍മാണത്തെ തടയാന്‍ പരമാവധി ശ്രമിച്ചവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അവസാന അത് യാഥാര്‍ത്ഥ്യമാക്കുകയിരുന്നുവെന്നുമാണ് അമിത് ഷാ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.