പശ്ചിമ ബംഗാളിന് വേണ്ടി മറ്റൊരു 'സംഘര്‍ഷം' ബി.ജെ.പി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് മമത

ഏറെ നീണ്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് പിന്നില്‍ മറ്റൊരു “സംഘര്‍ഷ”വും ബിജെപി അണിയറയില്‍ തയ്യാറാക്കുന്നുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ സംസ്ഥാനത്തെ ലക്ഷ്യമാക്കിയുള്ള വന്‍ “പദ്ധതി” ബിജെപി തയ്യാറാക്കുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വിവരം ലഭിച്ചുവെന്നും അവര്‍ സൂചന നല്‍കി.

എന്തു പദ്ധതിയാണ് അവര്‍ തയ്യാറാക്കുന്നതെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല. ഏപ്രിലില്‍ അതുണ്ടാക്കിയേക്കാമെന്നും അതുകൊണ്ടാണ് വോട്ടിംഗ് പ്രക്രിയ മേയ് 19 വരെ നീട്ടിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ കിഴക്കേ ഇന്ത്യയില്‍ നിന്ന് നേടി അധികാരം പിടിക്കാനാണ് മോദി- അമിത് ഷാ കൂട്ടുകെട്ട് പദ്ധതിയിടുന്നത്. എന്നാല്‍ പശ്ചിമ ബംഗാളില്‍ ഒരു വിധത്തിലും ബിജെപിയെ അടുപ്പിക്കില്ലെന്ന് കടുത്ത നിലപാടിലാണ് മമത. ഇതിനിടയിലാണ് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സൗഹൃദ മത്സരത്തിനിറങ്ങുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാകുമെന്നും 42 സീറ്റിലും ടി എം സി വിജയിക്കുമെന്നും അവര്‍ പറഞ്ഞു. ബിഹാറിലും പശ്ചിമ ബംഗാളിലും മാത്രമാണ് ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും ആരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതെന്ന് സംബന്ധിച്ച് ഇക്കാര്യത്തിന് നിര്‍ണായക പങ്കുണ്ടെന്നും അവര്‍ പറയുന്നു.