ആന്ധ്രയെ നടുക്കി വീണ്ടും ക്രൂരപീഡനം; റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശില്‍ വീണ്ടും ക്രീര പീഡനം. ഗുണ്ടൂര്‍ ജില്ലയിലെ റെപ്പല്ലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് 25കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഭര്‍ത്താവിനേയും കുട്ടികളേയും ആക്രമിച്ച ശേഷം പ്ലാറ്റ്‌ഫോമിന് അറ്റത്തേക്ക് യുവതിയെ വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുണ്ട്.

ശനിയാഴ്ച രാത്രി യെരഗൊണ്ടപാലത്തില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളായ കുടുംബം കൃഷ്ണ ജില്ലയിലെ ആവണിഗദ്ദയിലേക്കുള്ള യാത്രയിലായിരുന്നു. ഗതാഗത സൗകര്യം ലഭ്യമല്ലാഞ്ഞതിനാല്‍ കുട്ടികളോടൊപ്പം ഇവര്‍ റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ അഭയം പ്രാപിക്കുകയായിരുന്നു. പ്രതികള്‍ അര്‍ദ്ധരാത്രിയോടെ റെയില്‍വേ സ്റ്റേഷനില്‍ കയറി ഒരു ബെഞ്ചില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ആക്രമിച്ചു.

അക്രമികള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് റെയില്‍വേ പൊലീസിനെ സമീപിക്കാന്‍ ശ്രമിച്ചു. റെയില്‍വേ സ്റ്റേഷനിലെ പൊലീസ് പലതവണ വാതിലില്‍ മുട്ടിയിട്ടും തുറന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് റേപ്പല്ലെ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. പ്രതികള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.

വിജയവാഡയില്‍ മറ്റൊരു ബലാത്സംഗ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 17കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവറെ പൊലീസ് പിടികൂടി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റെയില്‍വേ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൂട്ടബലാത്സംഗ കേസാണിത്. ഗുണ്ടൂര്‍ ജില്ലയില്‍ നടക്കുന്ന നാലാമത്തെ ബലാത്സംഗ സംഭവമാണ്. പല്‍നാട് ജില്ലയിലെ ഗുരസാല റെയില്‍വേ സ്റ്റേഷനില്‍ ഒഡീഷയില്‍ നിന്നുള്ള തൊഴിലാളി കൂട്ടബലാത്സംഗത്തിനിരയായ സംഭവമാണ് ആദ്യ റിപ്പോര്‍ട്ട്. ഗുണ്ടൂര്‍ ജില്ലയിലെ ദുഗ്ഗിരാലയില്‍ മറ്റൊരു സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.