കളമശ്ശേരി സ്ഫോടനം; കേന്ദ്രാന്വേഷണത്തിന് അമിത് ഷാ നേരിട്ട് നിർദേശം നൽകി , എൻ ഐഎ കൊച്ചിയിലേക്ക്

കളമശേരിയിൽ യഹോവ സാക്ഷികളുടെ യോഗസ്ഥലത്ത് ബോംബ് സ്ഫോടനം നടത്തിയ കേസിൽ കേന്ദ്ര അന്വേഷണത്തിന് നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയില്‍ നിന്ന് അമിത്ഷാ വിവരങ്ങള്‍ തേടി.സംസ്ഥാന പോലീസിന്‍റെ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ മുഖ്യമന്ത്രി കൈമാറി.

എന്‍ഐഎയോടും, എന്‍എസ്ജിയോടും സ്ഥലത്തെത്തി പരിശോധന നടത്താന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ദില്ലിയില്‍ നിന്നുള്ള എന്‍ഐഎയുടെ 5 അംഗ സംഘവും, എന്‍എസ്ജിയുടെ 8 അംഗ സംഘവും കൊച്ചിയിലേക്കെത്തും.സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജാഗ്രത കടുപ്പിച്ചു. പ്രാര്‍ത്ഥനായോഗത്തിനിടെ നടന്ന സ്ഫോടനത്തെ ഗൗരവത്തോടെ പരിഗണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാർ.

ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിന് പിന്നാലെ ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചു. ദീപാവലി ആഘോഷം നടക്കാനിരിക്കേ ആരാധന കേന്ദ്രങ്ങള്‍ക്കടക്കം സുരക്ഷ കൂട്ടാനാണ് നിര്‍ദ്ദേശം.

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോ​ഗത്തിലാണ് ഇന്ന് രാവിലെ 9.30യോടെ സ്ഫോടനം നടന്നത്.ഏറണാകുളം തമ്മനം സ്വദേശി പ്രതി ഡൊമിനിക് മാർട്ടിൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. മാർട്ടിനെതിരെ യുഎപിഎ ചുമത്തി, ഫോൺ, പാസ്‌പോർട്ട്, ആധാർ ഉൾപ്പടെയുള്ള രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു.

ഇത് സമ്മതിക്കുന്ന വീഡിയോയും ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്.

നേരത്തെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമനിക് മാർട്ടിൻ പൊലീസ് സ്റ്റേഷനിൽ‌ കീഴടങ്ങിയിരുന്നു.തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങിയത്.