അമിത് ഷാ വെള്ളിയാഴ്ച എത്തില്ല; കേരള സന്ദര്‍ശനം നീട്ടിവെച്ചെന്ന് ബി.ജെ.പി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു. ഔദ്യോഗിക തിരക്കുകള്‍ കാരണം അമിത് ഷാ വെള്ളിയാഴ്ച കേരളത്തില്‍ എത്തില്ല. കേരള സന്ദര്‍ശനം റദ്ദാക്കിയിട്ടില്ല. തിരക്കുകള്‍ മൂലം നീട്ടിവെച്ചിരിക്കുകയാണ്. പുതിയ തിയതി ഉടന്‍ തന്നെ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

അമിത് ഷായുടെ കേരള സന്ദര്‍ശനം പാര്‍ട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാന്‍ തയ്യാറെടുക്കുകയായിരുന്നു സംസ്ഥാനത്തെ ബിജെപി നേതൃത്വം. പൊതു റാലി, പൊതു സമ്മേളനങ്ങള്‍, വിവിധ കൂടിക്കാഴ്ചകള്‍ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.

സംസ്ഥാനത്ത് മതഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന് വേണ്ടി ഈ മാസം 29ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.