ഇസഡ് സെക്യൂരിറ്റി സ്വീകരിക്കാൻ ഒവൈസിയോട് അഭ്യർത്ഥിച്ച് അമിത് ഷാ

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം കേന്ദ്രം വാഗ്ദാനം ചെയ്ത ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച അഭ്യർത്ഥിച്ചു.

വിശദമായ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ അമിത് ഷാ പറഞ്ഞു.

രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരു കാറും രണ്ട് പിസ്റ്റളുകളും പൊലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘം സംഭവം അന്വേഷിക്കുകയാണെന്നും രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് ചോദ്യം ചെയ്തുവരികയാണെന്നും അമിത് ഷാ പറഞ്ഞു.

ഇസഡ് സെക്യൂരിറ്റി സ്വീകരിക്കാൻ ഒവൈസി വിസമ്മതിച്ചതിനാൽ, കേന്ദ്ര സർക്കാർ അദ്ദേഹത്തിന് നൽകിയ സുരക്ഷ സ്വീകരിക്കാൻ എഐഎംഐഎം എംപിയോട് അഭ്യർത്ഥിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

“ഡൽഹിയിൽ ഒരു ബുള്ളറ്റ് പ്രൂഫ് കാറിനൊപ്പം അദ്ദേഹത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ Z കാറ്റഗറി CRPF സുരക്ഷയും വാഗ്ദാനം ചെയ്തിട്ടുണ്ട്,” അമിത് ഷാ പറഞ്ഞു.

ഫെബ്രുവരി 3 ന്, ഉത്തർപ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ശേഷം ഒവൈസി ഡൽഹിയിലേക്ക് മടങ്ങുമ്പോൾ മീററ്റിലെ ടോൾ പ്ലാസയിൽ വച്ച് ഒവൈസിയുടെ കാറിന് നേരെ അക്രമി മൂന്ന് നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു പ്രയോഗിച്ചു. പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ടോൾ പ്ലാസയിൽ ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ, ശുഭം എന്നീ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി സച്ചിൻ പണ്ഡിറ്റാണ് വെടിയുതിർത്തതെന്ന് ഹാപൂരിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇയാളിൽ നിന്ന് 9 എംഎം പിസ്റ്റൾ കണ്ടെടുത്തു.

പൊലീസ് ചോദ്യം ചെയ്യലിൽ, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വെടിവെച്ചതെന്ന് പ്രതി സച്ചിൻ പറഞ്ഞു. താൻ ബി.ജെ.പി.ക്കാരനാണെന്നാണ് ഇയാൾ അവകാശപ്പെട്ടത്.