കോണ്‍ഗ്രസിനെ കാക്കാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി; ഇന്ത്യ മുന്നണിയില്‍ യുപിയിലും തമ്മിലടി; പാര്‍ട്ടിക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുമെന്ന് അഖിലേഷ്

ഇന്ത്യ മുന്നണിയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് സീറ്റുവിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ നടക്കുന്നതിനിടെ 16 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി. സിറ്റിങ് എംപിമാരായ ഷഫിഖുര്‍ റഹ്മാന്‍ ബര്‍ഖ് സംഭാലിലും ഡിംപിള്‍ യാദവ് മെയിന്‍പുരിയിലും വീണ്ടും മത്സരിക്കും. എംഎല്‍എമാരായ രവിദാസ് മെഹ്റോത്ര ലക്നൗവിലും ലാല്‍ജി വര്‍മ അംബേദ്കര്‍ നഗറിലും മത്സരിക്കും.

അക്ഷയ് യാദവ് (ഫിറോസാബാദ്), ദേവേഷ് ശാക്യ (ഇഠാ), ധര്‍മേന്ദ്ര യാദവ് (ബദായൂ), ഉത്കര്‍ഷക് വര്‍മ (ഖേരി), ആനന്ദ് ഭദൗരിയ (ദൗരാഹ്‌റ), അനു ഠണ്ടന്‍ (ഉന്നാവോ), നവല്‍ കിഷോര്‍ ശാക്യ (ഫറൂഖാബാദ്), രാജാറാം പാല്‍ (അക്ബര്‍പുര്‍), ശിവശങ്കര്‍ സിങ് പട്ടേല്‍ (ബന്‍ഡ), അവദേഷ് പ്രസാദ് (ഫൈസാബാദ്), രാംപ്രസാദ് ചൗധരി (ബസ്തി), കാജല്‍ നിഷാദ് (ഗൊരഖ്പുര്‍) എന്നിവരാണ് പ്രഖ്യാപിക്കപ്പെട്ട മറ്റ് സ്ഥാനാര്‍ഥികള്‍.

കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടയില്‍ സമാജ്വാദി പാര്‍ട്ടി തിരക്കിട്ട് സ്ഥാനാറത്ഥികളെ പ്രഖ്യാപിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്. പാര്‍ട്ടിക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുമെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളാണ് അഖിലേഷ് യാദവ് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. അഖിലേഷിന്റെ നീക്കം കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനും വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.