അമേരിക്കയില്‍നിന്ന് ശനിയാഴ്ച ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരെ വിമാനത്തില്‍ വിലങ്ങുവച്ചാണ് എത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളില്‍ വിലങ്ങും കാല്‍ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാര്‍പൂര്‍ സ്വദേശി ദല്‍ജിത് സിംഗ് പറഞ്ഞു. അമേരിക്കയുടെ ക്യാമ്പില്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവയ്ക്കുകയും, കൈകള്‍ കെട്ടിയിടുകയും ചെയ്‌തെന്ന് സൗരഭ് എന്ന മറ്റൊരു യുവാവും പറഞ്ഞു.
നേരത്തെ ഫെബ്രുവരി അഞ്ചിനെത്തിയ ആദ്യ വിമാനത്തിലും ഇന്ത്യക്കാരെ കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് എത്തിച്ചത്. ഇതേപോലെ തന്നെയാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷവും ഈ വിധത്തിലുള്ള സമീപനം തുടരുന്നത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
116 പേരുമായി അമേരിക്കന്‍ സൈനിക വിമാനം ഇന്നലെ പതിനൊന്നരയ്ക്കാണ് അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. അമേരിക്ക നാടുകടത്തിയവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും കേന്ദ്രമന്ത്രി രവിനീത് സിംഗ് ബിട്ടുവും വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ 65 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും. ഗുജറാത്ത്, യുപി, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു.
Read more
അമേരിക്കയില്‍ നിന്ന് നാടുകടത്തിയവരുമായി ഒരു വിമാനം കൂടി ഇന്ന് അമൃത്സറിലെത്തും. ഇന്ന് രാത്രിയെത്തുന്ന വിമാനത്തില്‍ 150 ഓളം പേരുണ്ടെന്നാണ് വിവരം. രണ്ടു വിമാനങ്ങള്‍ കൂടി അമേരിക്ക ഈയാഴ്ച അയക്കുമെന്നാണ് സൂചന.