"വിദഗ്ദ്ധർ വിദേശത്താണ്": പാർലമെന്‍ററി സമിതിയുടെ മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ച്‌ ആമസോൺ 

വ്യക്തിഗത ഡാറ്റാ സംരക്ഷണ ബിൽ, 2019 പരിശോധിക്കുന്ന സംയുക്ത പാർലമെന്റ് സമിതിയുടെ മുമ്പാകെ ഹാജരാകാൻ ആമസോൺ വിസമ്മതിച്ചു. ഇത് പാർലമെന്റിന്റെ പ്രത്യേകാവകാശത്തിന്റെ ലംഘനത്തിന് തുല്യമാണെന്ന് പാർലമെന്റ് വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 28- ന് സമിതിക്ക് മുന്നിൽ ഹാജരാകുന്നില്ലെങ്കിൽ, ആമസോണിനെതിരെ “നിർബന്ധിത നടപടി ആരംഭിക്കും” എന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട തങ്ങളുടെ വിദഗ്ദ്ധർ വിദേശത്താണെന്നും നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നും യു.എസ് ഇ- കൊമേഴ്‌സ് കമ്പനിയായ ആമസോൺ അറിയിച്ചു.

കോൺഗ്രസ് പ്രകടിപ്പിച്ച ആശങ്കകളെ തുടർന്ന് 2019- ലെ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബിൽ പരിശോധിക്കുന്ന സമിതി, അവലോകനത്തിനായി ഫെയ്സ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള കമ്പനികളെ വിളിപ്പിച്ചിട്ടുണ്ട്.

ഒക്ടോബർ 28 -ന് സമിതിക്ക് മുന്നിൽ ഹാജരാകാൻ ആമസോൺ വിസമ്മതിച്ചു. ഇ-കൊമേഴ്‌സ് കമ്പനിയെ പ്രതിനിധീകരിച്ച് ആരും സമിതിക്ക് മുന്നിൽ ഹാജരാകുന്നില്ലെങ്കിൽ അത് പാർലമെന്റിന്റെ പ്രത്യേകാവകാശത്തിന്റെ ലംഘനമാണെന്ന് സമിതിയുടെ ചുമതല വഹിക്കുന്ന ബിജെപി എം.പി മീനാക്ഷി ലെഖി വാർത്താ ഏജൻസി പി.ടി.ഐയോട് പറഞ്ഞു. ആമസോൺ ഹാജരായില്ലെങ്കിൽ നോട്ടീസ് അയയ്ക്കാൻ സമിതി തീരുമാനിച്ചു.

അതേസമയം, ഫെയ്സ്ബുക്ക് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരായി രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരായതായി പാർലമെന്റ് വൃത്തങ്ങൾ അറിയിച്ചു. ഫെയ്സ്ബുക്ക് ഇന്ത്യയെ അതിന്റെ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസ് പ്രതിനിധീകരിച്ചു.

സമിതി മുമ്പാകെ ട്വിറ്റർ ഉദ്യോഗസ്ഥരുടെ അവതരണം ഒക്ടോബർ 28- ന് നടക്കുമെന്ന് ലോക്സഭ സെക്രട്ടേറിയറ്റ് നൽകിയ നോട്ടീസിൽ പറയുന്നു. ഗൂഗിൾ, പേടിഎം എന്നിവരോട് ഒക്ടോബർ 29- ന് സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക്, ഗൂഗിൾ,തുടങ്ങിയ കമ്പനികളോട് അജ്ഞാത, വ്യക്തിഗത, വ്യക്തിഗതമല്ലാത്ത ഡാറ്റയ്ക്കായി ആവശ്യപ്പെടാൻ നിർദ്ദിഷ്ട നിയമം സർക്കാരിനെ അധികാരപ്പെടുത്തുന്നുവെന്ന് പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ 2019- ന്റെ കരട് കഴിഞ്ഞ വർഷം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

എന്നാൽ ചില സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും ദേശീയ സുരക്ഷ ഉൾപ്പെടുന്നിടത്ത് അത്തരം ഡാറ്റ ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷമായ കോൺഗ്രസ് ആശങ്ക പ്രകടിപ്പിച്ചു.

ചില നിയമവിദഗ്ദ്ധരും ഈ പ്രശ്നം ചൂണ്ടിക്കാട്ടി, ഈ വ്യവസ്ഥ ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റയിലേക്ക് സർക്കാരിന് കൈകടത്താനുള്ള അവകാശം നൽകുമെന്ന് പറഞ്ഞു. തുടർന്ന് ഈ വിഷയം മീനാക്ഷി ലെഖിയുടെ നേതൃത്വത്തിലുള്ള സംയുക്ത പാർലമെന്ററി സമിതിക്ക് കൈമാറി.