മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ല; പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് അമര്‍ത്യ സെന്‍

പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നൊബേല്‍ ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍.

ഒരു വ്യക്തി ജനിച്ച സ്ഥലമോ താമസിച്ചിരുന്ന സ്ഥലമോ ഏതാണ് പൗരത്വം തീരുമാനിക്കുന്നതിന് അടിസ്ഥാനമാകുന്നത്. ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നാണ് തന്റെ അഭിപ്രായം.

പൗരത്വത്തിനായി മതം അടിസ്ഥാനമാക്കുന്നത് വിവേചനത്തിന് കാരണമാകുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ തീരുമാനിച്ച കാര്യമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബെംഗളൂരുവില്‍ ഇന്‍ഫോസിസ് സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമര്‍ത്യ സെന്‍.

ജെഎന്‍യു ഭരണകൂടത്തിന് പുറത്തു നിന്നുള്ളവര്‍ കാമ്പസില്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിക്കില്ല. ജെഎന്‍യു സംഘര്‍ഷത്തില്‍ പൊലീസ് ഇടപെടാതെ നിന്നതാണ് ആഘാതം കൂട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.