ദേശീയഗീതമായ വന്ദേമാതരത്തിന് പുതിയ ഔദ്യോഗിക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകള്‍ ഉള്‍പ്പെട്ട മൂന്ന് മിനിറ്റും പത്ത് സെക്കന്റും ദൈര്‍ഘ്യമുള്ള പതിപ്പാണ് ഇനി മുതല്‍ ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കേണ്ടത്. ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന അവസരങ്ങളില്‍ വന്ദേമാതരത്തിന് മുന്‍ഗണന നല്‍കണമെന്നും അത് ആദ്യം ആലപിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. ഗീതം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ സദസ്സിലുള്ളവര്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണം.
ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. ഇനിമുതല്‍ ദേശീയ പതാക ഉയര്‍ത്തുമ്പോഴും രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലും അവരുടെ പ്രസംഗങ്ങള്‍ക്ക് മുന്‍പും ശേഷവും ഈ ഗീതം ആലപിക്കണമെന്ന് ജനുവരി 28-ന് പുറപ്പെടുവിച്ച 10 പേജുള്ള ഉത്തരവില്‍ അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
വാര്‍ത്താചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. ഇത് സിനിമയുടെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്താതിരിക്കാനാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബാന്റ് സെറ്റുകളുടെ അകമ്പടിയോടെ വന്ദേമാതരം അവതരിപ്പിക്കുന്ന അവസരങ്ങളില്‍ ഗീതം ആരംഭിക്കുന്നതിന് മുന്‍പായി ഏഴ് താളത്തിലുള്ള ഡ്രം റോള്‍ ഉണ്ടായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവില്‍ നിര്‍ദേശമുണ്ട്.
ചടങ്ങുകളെ ആഭ്യന്തര മന്ത്രാലയം മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സിവില്‍ ഇന്‍വെസ്റ്റിറ്റിയൂറുകള്‍, രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍, ദേശീയ പതാക പരേഡിനായി കൊണ്ടുവരുന്ന സമയം തുടങ്ങിയവയില്‍ ഗീതം കേള്‍പ്പിക്കണം. സാംസ്‌കാരിക പരിപാടികളിലും പതാക ഉയര്‍ത്തുന്ന ചടങ്ങുകളിലും ഗീതം കേള്‍പ്പിക്കുന്നതിനൊപ്പം സമൂഹാലാപനവും നടത്തണം. സ്‌കൂളുകളില്‍ രാവിലെ വന്ദേമാതരം ആലപിക്കണമെന്നും വിദ്യാര്‍ത്ഥികളില്‍ ദേശീയ പതാകയോടും ദേശീയഗീതത്തോടും ആദരവ് വളര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.
Read more
1870കളിലെ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി സംസ്‌കൃതമിശ്രമായ ബംഗാളി ഭാഷയില്‍ രചിച്ച ഗീതമാണ് വന്ദേമാതരം. 1950-ല്‍ ഈ ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചു.







