ഞങ്ങളുടെ മനോവീര്യം കുറവാണ്, കഴിവിനെ ബാധിക്കും; എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് എതിരെ ജീവനക്കാര്‍ രത്തന്‍ ടാറ്റയുടെ മുന്നില്‍

എയര്‍ ഇന്ത്യ മാനേജ്‌മെന്റിനെതിരെ പരാതിയുമായി ജീവനക്കാര്‍ രത്തന്‍ ടാറ്റയുടെ മുന്നില്‍. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ ടാറ്റയെ സമീപിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ ശമ്പളവും സേവന വ്യവസ്ഥകളും ഏകപക്ഷീയമായി മാറ്റി. ഈ തീരുമാനം മാറ്റാന്‍ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
മാനേജ്‌മെന്റ് തീരുമാനം പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 1,500ലധികം പൈലറ്റുമാര്‍ ഒപ്പിട്ട നിവേദനമാണ് രത്തന്‍ ടാറ്റക്ക് സമര്‍പ്പിച്ചത്. തങ്ങളുടെ ആശങ്കകള്‍ മാനേജ്‌മെന്റ് കേള്‍ക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു.

നിലവിലെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പൈലറ്റുമാര്‍ എങ്ങനെ പ്രയാസകരമായ സാഹചര്യം നേരിടുന്നുവെന്നും കത്തില്‍ അടിവരയിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലെ സാഹചര്യം അവരുടെ മനോവീര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പൈലറ്റുമാരുടെ യൂണിയന്‍ ഊന്നിപ്പറഞ്ഞു. ”ഞങ്ങളുടെ മനോവീര്യം കുറവാണ്, ഇത് ഞങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള ഞങ്ങളുടെ കഴിവിനെ ബാധിക്കുമെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു,” കത്തില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ്. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനുമായി പരിഷ്‌കരിച്ച ശമ്പള സ്‌കെയില്‍ പുറത്തിറക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പൈലറ്റ് യൂണിയനുകളായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ.സി.പി.എ), ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് (ഐ.പിജി) എന്നിവ തയാറായിട്ടില്ല. യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ് എയര്‍ ഇന്ത്യാ മാനേജ്‌മെന്റിന്റെ തീരുമാനം എന്നാണ് പൈലറ്റുമാരുടെ ആരോപണം. പുതിയ സേവന വേതന വ്യവസ്ഥകളില്‍ ഒപ്പിടരുതെന്ന് അംഗങ്ങളോട് ഇരുയൂണിയനുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

2022 ജനുവരില്‍ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. നിലവിലെ പ്രതിസന്ധികള്‍ തങ്ങള്‍ തിരിച്ചറിയുന്നണ്ടെന്നും എന്നാല്‍ എല്ലാവര്‍ക്കും ഗുണകരമാവുന്ന രീതിയിലുള്ള പരിഹാര മാര്‍ഗം കണ്ടെത്തണമെന്നും പൈലറ്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.