ഇടത് പിന്തുണയില്‍ ധാരണ?; വിജയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് പിന്തുണ നല്‍കുന്നതില്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. 234 സീറ്റുകളുള്ള നിയമസഭയില്‍ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും വിജയുടെ ടിവികെയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വിളിക്കാത്ത ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി വിവാദത്തിലാകുമ്പോഴാണ് ഇടത് പിന്തുണ സൂചന നല്‍കി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ എംഎ ബേബിയുടെ പ്രതികരണം. നേരത്തെ സംസ്ഥാന നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും വിജയുടെ ടിവികെയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.

സിപിഐ, വിസികെ പാര്‍ട്ടികളുടെ ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സിപിഎം നിലപാടിലെത്തിയതെന്ന് എംഎ ബേബി വ്യക്തമാക്കി. ഇന്ന് വൈകിട്ടോടെ സിപിഐ, സിപിഎം, വിസികെ പാര്‍ട്ടികളുടെ തമിഴ്‌നാട് നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ഓരോ പാര്‍ട്ടികളും ആഭ്യന്തര തലത്തിലും കൂടിയാലോചനകള്‍ നടത്തിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എ ബേബി പറഞ്ഞു. ഇന്ന് വൈകിട്ട് വിജയ് മൂന്നാമതും ഗവര്‍ണറെ കാണുമെന്ന വാര്‍ത്ത വരുമ്പോഴാണ് ഇടത് ക്യാമ്പില്‍ നിന്നുള്ള നിര്‍ണായക നീക്കമെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന് പിന്നാലെ സിപഎമ്മും വിജയിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. എം.എ.ബേബി പറഞ്ഞത് ഇങ്ങനെയാണ്.

‘ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ല. അദ്ദേഹം പിന്തുണയ്ക്കുന്നവരുടെ സംഖ്യ കാണിക്കാനാണ് പറയുന്നത്. അത് ഗവര്‍ണറുടെ ഉത്തരവാദിത്വമല്ല. 13 ദിവസം മാത്രം നീണ്ടുന്ന എ.ബി.വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രപതി വാജ്പേയിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടില്ല. അന്ന് വാജ്പേയിക്ക് ഒരു മാസം സമയം കൊടുത്തിരുന്നു. ഇന്ന് ഭൂരിപക്ഷം തെളിയിക്കുന്നതിന് വിജയ് വെറും ഒരാഴ്ച സമയം മാത്രമാണ് ആവശ്യപ്പെടുന്നത്. സിപിഐ, വിസികെ എന്നീ പാര്‍ട്ടികളുമായി സിപിഎം ചര്‍ച്ച നടത്തിയ ശേഷമാണ് തമിഴ്‌നാട്ടില്‍ സംസ്ഥാനനേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന നിലപാടിലെത്തിയത്. ഏറ്റവും വലിയ ഒറ്റകക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുന്ന സാഹചര്യമുണ്ടാകണം’.

നേരത്തെ പല സംസ്ഥാനങ്ങളിലും ബിജെപി നിയമിച്ച ഗവര്‍ണര്‍മാര്‍ ഭൂരിപക്ഷത്തിന്റെ അടുത്തെത്താത്ത ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസിനേയും മറ്റ് പ്രാദേശിക പാര്‍ട്ടികളേയും റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് ഓടിച്ചിട്ടുണ്ട്. ഗോവയിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം അത് രാജ്യം കണ്ടതാണ്. ആ സാഹചര്യത്തിലാണ് ഒറ്റ കക്ഷിയെന്ന നിലയില്‍ മറ്റ് പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലുള്ള ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍എസ്എസ് നേതാവായിരുന്ന ഇപ്പോള്‍ കേരളത്തിന്റെ ഗവര്‍ണറും തമിഴ്‌നാടിന്റെ ഗവര്‍ണര്‍ ചുമതല അധികമായി വഹിക്കുകയും ചെയ്യുന്ന രാജേന്ദ്ര ആര്‍ലേക്കറുടെ നടപടികള്‍.

ഗവര്‍ണറായ ഒരു മുന്‍ ബിജെപി നേതാവിനെ ഇപ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് അധികാരം നിഷേധിക്കാന്‍ ബിജെപി ഉപയോഗിക്കുന്നു. വിജയ്യെ ഉടന്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം, രാജ്ഭവനിലല്ല, നിയമസഭയിലാണ് അംഗസംഖ്യ തെളിയിക്കേണ്ടതെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും പറഞ്ഞു.