തെലങ്കാനയിലെ അഗ്നിപഥ് പ്രതിഷേധം; ഗൂഢാലോചന നടത്തിയ ഒരാള്‍ കസ്റ്റഡിയില്‍

തെലങ്കാനയില്‍ അഗ്നിപഥ് പദ്ധതിക്ക് എതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകന്‍ എന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയില്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍മി ട്രെയിനിംഗ് നല്‍കുന്ന സെന്ററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവുവിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സെക്കന്തരാബാദ് റെയില്‍ വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമങ്ങളില്‍ ഇയാളാണ് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സുബ്ബ റാവുവിനെ ആന്ധ്ര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ റെയില്‍വേ പൊലീസ് ഫോഴ്‌സിന് കൈമാറും. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു ആഹ്വാനം. സൈന്യത്തില്‍ ചേരാനുള്ള കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന ഉദ്യോഗാര്‍ത്ഥികളാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്.

അഗ്നിപഥ് പദ്ധതി നടപ്പായാല്‍ ജോലി ലഭിക്കുന്നതിനുള്ള അവസരം നഷ്ടമാകും. അവകാശപ്പെട്ട ജോലി ലഭിക്കാനായി പ്രതിഷേധിക്കണമെന്നുമായിരുന്നു ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചത്. തുടര്‍ന്നാണ് യുവാക്കള്‍ സെക്കന്തരാബാദ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്നുള്ള പൊലീസ് വെടിവെയ്പില്‍ ഒരാള്‍ മരിച്ചിരുന്നു.

രാജ്യത്ത് ഇന്നും പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇതേ തുടര്‍ന്ന് അനുനയ നീക്കങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയില്‍ അംഗമായി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ഇവര്‍ക്കായി പത്തു ശതമാനം ഒഴിവുകള്‍ മാറ്റിവെക്കുമെന്നും അസം റൈഫിള്‍സിലും സംവരണം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമനത്തിലുള്ള പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് നല്‍കാനും തീരുമാനിച്ചു. ഇതോടെ അഗ്നിപഥിലൂടെ സേനയില്‍ ചേരുന്നവര്‍ക്ക് അഞ്ചു വയസിന്റെ ഇളവ് ലഭിക്കും. ഈ വര്‍ഷമാണ് അഞ്ച് വയസ് ഇളവ് ലഭിക്കുക. അടുത്ത വര്‍ഷം മുതല്‍ മൂന്ന് വയസിന്റെ ഇളവും ലഭിക്കും.