വിമാനയാത്രക്കിടെ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്തു; കൊമേഡിയൻ കുനാല്‍ കംറയ്ക്ക് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും യാത്രാവിലക്ക് ഏര്‍പ്പെടുത്തി

വിമാനയാത്രക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ  ചോദ്യംചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ഹാസ്യകലാകാരന്‍ കുനാല്‍ കംറയ്ക്ക് വിമാനകമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും വിലക്കേ് ഏര്‍പ്പെടുത്തി.

ആദ്യം ഇന്‍ഡിഗോയാണ് കംറയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ ആറുമാസത്തേക്ക് കംറ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് വിലക്കിയതായുള്ള വാര്‍ത്ത പുറത്തുവിട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സും ആറുമാസത്തേക്കാണ് കംറയെ വിലക്കിയത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിമാനക്കമ്പനികളുടെ വിശദീകരണം.

ചൊവ്വാഴ്ച മുംബൈ-ലഖ്‌നൗ യാത്രയ്ക്കിടെയാണ് അര്‍ണാബിനെ സഹയാത്രികനായ കംറ ചോദ്യം ചെയ്തത്. നിങ്ങള്‍ ഒരു ഭീരുവാണോ മാധ്യമ പ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കംറയുടെ ചോദ്യം. ദൃശ്യങ്ങള്‍ കംറ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പുറത്തുവിട്ടു.

Read more

കംറ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇത് ഗൗനിക്കാതെ ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ചിരിക്കുന്ന അര്‍ണബിനെയും ദൃശ്യങ്ങളില്‍ കാണാം. ജെഎന്‍യുവില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയ്ക്കും അയാളുടെ അമ്മ രാധികാ വെമുലയ്ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും കംറ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. അര്‍ണബ് താങ്കള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ, അതോ ഭീരുവാണോ എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പ് വായിച്ചിരുന്നുവെങ്കില്‍ താങ്കള്‍ മനുഷ്യത്വപരമായി ചിന്തിച്ചേനെയെന്നും കംറ അര്‍ണാബിനോട് പറയുന്നുണ്ട്. തന്റെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതിരുന്നതോടെ തുടരെ അര്‍ണബിനെ കംറ ഭീരുവെന്ന് വിളിക്കുന്നുണ്ട്.  റിപ്പബ്ലിക് ടിവിയില്‍ ചര്‍ച്ചയ്ക്കിടെ അര്‍ണബ് ചോദ്യങ്ങള്‍ ചോദിക്കുന്ന അതേ ശൈലിയിലാണ് കംറയും അര്‍ണബിനെതിരെ ചോദ്യങ്ങള്‍ ചോദിച്ചത്.