ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്; ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം, സൂര്യനെക്കുറിച്ചുള്ള പുത്തനറിവുകൾ സമ്മാനിക്കുമെന്ന് പ്രതീക്ഷ

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ വൺ 126 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിൻറിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടി നനച്ചു പേടകത്തെ വിക്ഷേപിച്ചത്.

ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആർഒ. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC ആണ് ഒന്നാമത്തേത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിർമ്മിച്ചത്. പൂനെയിലെ ഇൻറർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപകരണം.

സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

സൂര്യനിൽ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമന്റ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് PAPA പേ ലോഡിന് പിന്നിൽ.

ഇന്ത്യൻ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്നത് ആദിത്യ എൽ വണ്ണിൻറെ പ്രത്യേകതയാണ്. സൗരയൂധത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും പുത്തൻ അറിവുകൾ ആദിത്യ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.