'അദാനിക്ക് എതിരെ അന്വേഷണമുണ്ട്'; കേരള എം.പിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി; 21,720 കോടി വായ്പ തിരിച്ചടച്ചു; കടമടച്ച് കളം പിടിക്കാന്‍ നീക്കങ്ങള്‍

ഇന്ത്യയിലെ മുന്‍നിര സമ്പന്നരില്‍ ഒരാളായ ഗൗതം അദാനിക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ടി.എന്‍. പ്രതാപന്റെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്.

ഓഹരിവിപണിയില്‍ തിരിമറികാണിച്ചെന്നും മൂല്യം പെരുപ്പിച്ചുകാണിച്ച് നിക്ഷേപകരെ വഞ്ചിച്ചുവെന്നുമുള്ള അദാനിഗ്രൂപ്പിനെതിരായ പരാതി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷിക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു.
ഓഹരിവിപണിയില്‍ വരുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ സെബി അന്വേഷിക്കാറുണ്ടെന്നും അദാനിഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ സെബിയുടെ അന്വേഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉണ്ടായ ആഘാതം മറികടക്കാന്‍ വിപണിയില്‍ അദാനി ഗ്രൂപ്പ് കൂടുതല്‍ ഇടപെടലുകള്‍ നടത്തുകയാണ്. വിശ്വാസത്തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ 2.65 ബില്യണ്‍ ഡോളര്‍ (ഏകദേശം 21,720 കോടി രൂപ) കടം തിരിച്ചടച്ചു. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി പണയംവെച്ച് വായ്പയെടുത്ത 2.17 ബില്യണ്‍ ഡോളര്‍ (ഏകദേശം 17,622 കോടി രൂപ) തിരിച്ചടച്ചു.

Read more

അംബുജ സിമന്റ് ഏറ്റെടുക്കാന്‍ വാങ്ങിയ 500 മില്യണ്‍ ഡോളറും (ഏകദേശം 4098 കോടി രൂപ) കമ്പനി തിരിച്ചടച്ചു. അടച്ച തുകയുടെ ഉറവിടം അദാനി ഗ്രൂപ് വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 31 ആണ് വായ്പ തിരിച്ചടക്കാനുള്ള അവസാന തീയതി.