തമിഴക വെട്രി കഴകത്തില്‍ ആദ്യ അംഗമായി വിജയ്; പിന്നാലെ എത്തിയത് 20ലക്ഷം പേര്‍; വെബ് സൈറ്റ് നിലച്ചു; ദളപതിയുടെ പാര്‍ട്ടിയിലേക്ക് അണികള്‍ ഒഴുകുന്നു

തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്യുടെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്. ആദ്യമണിക്കൂറില്‍ തന്നെ 20 ലക്ഷത്തില്‍ അധികം ആളുകളാണ് അംഗത്വത്തിനായി വെബ്‌സൈറ്റില്‍ കയറിയത്. ഇതോടെ സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷകണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്.

‘പിറപോകും എല്ലാ ഉയിരുക്കും’ എന്ന അടിക്കുറിപ്പിന് കീഴില്‍ താന്‍ നല്‍കിയ പ്രതിജ്ഞ വായിച്ച് തന്റെ രാഷ്ട്രീയ സംഘടനയില്‍ ചേരാന്‍ വിജയ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടിയിലെ ആദ്യ അംഗമായി വിജയ് തന്നെ ചേര്‍ന്നു. അംഗത്വം നല്‍കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. വാട്സാപ്പ് അടക്കം സാമൂഹിക മാധ്യമങ്ങള്‍ മുഖേനയെയും അംഗത്വമെടുക്കാനുള്ള സൗകര്യമുണ്ട്. .
രണ്ട് കോടി പേരെ പാര്‍ട്ടിയില്‍ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അംഗത്വ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ പ്രത്യേക സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി വിജയ്യുടെ പ്രത്യേക വീഡിയോയും പുറത്തിറക്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന അംഗത്വമെടുത്തിന് ശേഷം ഓണ്‍ലൈന്‍ അംഗത്വകാര്‍ഡ് ഉയര്‍ത്തിക്കാട്ടി എല്ലാവരെയും പാര്‍ട്ടിയില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്നതാണ് വീഡിയോ. സമത്വം ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. ജാതി, മത, ലിംഗ, ദേശ വേര്‍തിരിവുകള്‍ ഇല്ലാതാക്കുമെന്ന പ്രതിജ്ഞയും അംഗങ്ങള്‍ എടുക്കണം. അംഗത്വ വിതരണത്തിന് ശേഷം വിജയ് സംസ്ഥാന പര്യടനം നടത്തും.