'ആപ് ക്രോണോളജി സമ്ജിയെ': പെഗാസസ് വിവാദം തടസ്സക്കാർക്ക് വേണ്ടി കുഴപ്പക്കാർ ഉണ്ടാക്കിയതെന്ന് അമിത് ഷാ

കേന്ദ്ര സർക്കാർ ഇസ്രായേൽ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച്‌ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തി എന്ന റിപ്പോർട്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ വികസനത്തിന് തടസമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടി കുഴപ്പക്കാർ പുറത്തുവിട്ട റിപ്പോർട്ടാണ് ഇതെന്ന് അമിത് ഷാ പറഞ്ഞു.

പുറത്തു വന്ന റിപ്പോർട്ട് പാർലമെന്റിൽ തടസ്സമുണ്ടാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും അമിത് ഷാ ആരോപിച്ചു. വിമർശകർ പലപ്പോഴും അമിത് ഷായെ പരിഹസിക്കാൻ ഉപയോഗിക്കുന്ന, അദ്ദേഹം മുമ്പ് ഉപയോഗിച്ച ഒരു വാചകവും അമിത് ഷാ തന്റെ പ്രസ്താവനയിൽ വീണ്ടും ആവർത്തിച്ചു “ആപ് ക്രോണോളജി സമ്ജിയെ (നിങ്ങൾ കാലഗണന മനസ്സിലാക്കുക).”

“ആളുകൾ‌ പലപ്പോഴും ഈ വാചകം എന്നെ പരിഹസിക്കാനായി ഉപയോഗിച്ചിരുന്നതാണെങ്കിലും ഇന്ന്‌ ഞാൻ‌ അത് തന്നെ വീണ്ടും ഗൗരവമായി പറയാൻ‌ താൽ‌പ്പര്യപ്പെടുന്നു – ഈ വെളിപ്പെടുത്തലുകളുടെ സമയം, പാർലമെന്റിനെ തടസപ്പെടുത്തൽ … ആപ് ക്രോണോളജി സമ്ജിയെ!” ആഭ്യന്തരമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

“തടസ്സം സൃഷ്ടിക്കുന്നവർക്ക് വേണ്ടി കുഴപ്പക്കാർ ഉണ്ടാക്കിയ റിപ്പോർട്ടാണിത്. ഇന്ത്യയെ പുരോഗതി പ്രാപിക്കാൻ ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് തടസ്സം ഉണ്ടാക്കുന്നത്. ഇന്ത്യ പുരോഗമിക്കാൻ ആഗ്രഹിക്കാത്ത രാഷ്ട്രീയക്കാരാണ് തടസ്സക്കാർ. ഇതിന്റെ കാലഗണനയും ബന്ധവും ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കും,” അമിത് ഷാ കൂട്ടിച്ചേർത്തു.

ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എന്നിവരും ഉൾപ്പെടുന്നു. കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് പട്ടേൽ, അശ്വിനി വൈഷ്ണവ് എന്നിവരും പട്ടികയിലുണ്ട്. 40 ഓളം പത്രപ്രവർത്തകരും പട്ടികയിൽ ഉൾപ്പെടുന്നു.

കേന്ദ്ര സർക്കാർ രാജ്യദ്രോഹമാണ് ചെയ്തതെന്നും ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്നും ആരോപിച്ച കോൺഗ്രസ്, ഫോൺ ചോർത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.