'ബിടിഎസിനെ കാണാന്‍ കപ്പല്‍ മാര്‍ഗം ഒരു യാത്ര'; തമിഴ്‌നാട്ടില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി

കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിനെ കാണാന്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശികളായ 13 വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് കുട്ടികള്‍ ബിടിഎസ് സംഘത്തെ കാണാന്‍ വീടുവിട്ടിറങ്ങിയത്.

വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പലില്‍ കൊറിയയിലേക്ക് കടക്കാനായിരുന്നു കുട്ടി സംഘത്തിന്റെ പദ്ധതി. ഇതിനായി ഇവരുടെ കൈവശം 14,000രൂപയും ഉണ്ടായിരുന്നു. കുട്ടികള്‍ ഈറോഡിലെത്തി ചെന്നൈയിലേക്കുള്ള ട്രെയിന്‍ കയറി. ചെന്നൈയിലെത്തിയ കുട്ടികള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടതോടെ ഒരു ദിവസം ചെന്നൈയില്‍ തങ്ങിയ ശേഷം മൂവരും തിരികെ യാത്ര ആരംഭിച്ചു.

തിരികെയുള്ള യാത്രയ്ക്കിടെ കട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷണം വാങ്ങാനിറങ്ങിയ കുട്ടികള്‍ക്ക് ട്രെയിന്‍ നഷ്ടമായി. തുടര്‍ന്ന് സ്റ്റേഷനിലിരുന്ന കുട്ടികളെ കണ്ട ആര്‍പിഎഫ് സംഘത്തിന് സംശയം തോന്നിയതോടെ മൂവരെയും ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കിയതോടെയാണ് കാണാതായ കുട്ടകളാണിതെന്ന് ആര്‍പിഎഫ് സ്ഥിരീകരിച്ചത്.

നിലവില്‍ കുട്ടികളെ വെല്ലൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ കൗണ്‍സിലിങിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം അയയ്ക്കും.