ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ വഹിച്ചുള്ള വാഹനവ്യൂഹം അപകടത്തില്‍ പെട്ടു

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മൃതദേഹങ്ങള്‍ വഹിച്ചു കൊണ്ടുപോയ വാഹനവ്യൂഹം രണ്ടു തവണ അപകടത്തില്‍ പെട്ടു. ഒരു ആംബുലന്‍സും പൊലീസ് വാനുമാണ് അപകടത്തില്‍ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട് പൊലീസിന്റേയും കരസേനയുടേയും അകമ്പടിയോടെ കൂനൂരില്‍ നിന്നും സുലൂരിലേക്ക് പോകവെയാണ് വാഹനവ്യൂഹത്തിലെ ആംബുലന്‍സും പൊലീസ് വാനും അപകടത്തില്‍ പെട്ടത്.

പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. പത്ത് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. തുടര്‍ന്ന് മേട്ടുപാളയത്ത് വെച്ച് ഒരു മൃതദേഹവുമായി പോയ ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് മൃതദേഹ പേടകം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയ ശേഷം വാഹനവ്യൂഹം യാത്ര തുടരുകയായിരുന്നു.