കോണ്‍ഗ്രസ് അക്കൗണ്ടില്‍ നിന്ന് 65 കോടി പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്; ഐടിഎടിയെ സമീപിച്ച് കോണ്‍ഗ്രസ്

അക്കൗണ്ടില്‍ നിന്ന് പണം പിടിച്ചെടുത്ത ആദായനികുതി വകുപ്പ് നടപടിക്കെതിരെ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് കോണ്‍ഗ്രസ്. 65 കോടി രൂപയാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസ് അക്കൗണ്ടില്‍ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസമാണ് 115 കോടി രൂപയുണ്ടായിരുന്ന പാര്‍ട്ടി അക്കൗണ്ടില്‍ നിന്ന് 65 കോടി പിടിച്ചെടുത്തത്.

സംഭവത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് കോണ്‍ഗ്രസ് ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്. ബെഞ്ചിന് മുന്‍പാകെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് മുന്‍പാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് ഐടിഎടിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കോടതിയില്‍ സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ആദായനികുതി വകുപ്പ് നടപടി ഉണ്ടാകരുതെന്നും കോണ്‍ഗ്രസ് ഐടിഎടിയോട് അഭ്യര്‍ത്ഥിച്ചു. കോടതി ഹര്‍ജി പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് ഐടിഎടി നിര്‍ദ്ദേശിച്ചു.