ബി.എസ്.എന്‍.എലില്‍ കൂട്ട പിരിച്ചുവിടല്‍; 54,000 ജീവനക്കാര്‍ പെരുവഴിയിലാകും

പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ 54,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് കേന്ദസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനം ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. അന്തിമതീരുമാനം ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഉണ്ടാകുകയുള്ളു.

റിലയന്‍സ് ജിയോയുടെ വരവിനു ശേഷം ബിഎസ്എന്‍എലിനുണ്ടായ സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിന് ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ മൂന്നംഗ സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ച് വിടലടക്കമുള്ള നടപടികള്‍.

അതേസമയം, ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. 50 വയസിന് മുകളിലുള്ള ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ ജീവനക്കാരുടെ സ്വമേധയാലുള്ള വിരമിക്കലിനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ബിഎസ്എന്‍എലില്‍ 1.76 ലക്ഷം ജീവനക്കാരാണ് ഇന്ത്യയിലാകമാനമുള്ളത്. എം.ടി.എന്‍.എലില്‍ 22,000 ജീവനക്കാരുമുണ്ട്. 50 ശതമാനം ബിഎസ്എന്‍എല്‍ ജീവനക്കാരും എംടിഎന്‍എലിലെ 16000 ജീവനക്കാരും അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരാണ്.

ബിഎസ്എന്‍എലിന്റെ നഷ്ടം കുറയ്ക്കാനാണ് സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള കൂട്ട പിരിച്ചുവിടല്‍. 2017- 18ല്‍ ബിഎസ്എന്‍എലിന്റെ വരുമാനം 20 ശതമാനം കുറഞ്ഞു. ജിയോയുടെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാനുകളാണ് ഇതിന് കാരണമായത്. 2017-18ല്‍ 7993 കോടി രൂപയുടെ നഷ്ടമാണ് ബിഎസ്എന്‍എല്‍ രേഖപ്പെടുത്തിയത്. മുന്‍കാല വര്‍ഷത്തെക്കാള്‍ 66 ശതമാനം കൂടുതലായിരുന്നു ഇത്. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്എന്‍എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു.

എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിരിച്ചു വിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്