രജനീകാന്തിന്റെ ആരാധക സംഘടനാനേതാക്കള്‍ ബിജെപിയില്‍; വിജയിയുടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് 50 ലക്ഷം പേര്‍; തമിഴ് രാഷ്ട്രീയത്തില്‍ സിനിമപോരും

നടന്‍ രജനീകാന്തിന്റെ ആരാധകസംഘടനയിലെ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും പാര്‍ട്ടി മുതിര്‍ന്നനേതാവ് എച്ച്. രാജയും രജനി ആരാധകസംഘടനയുടെ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

രജനി ഫാന്‍സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി എന്‍. രാമേശ്വരന്‍, അംഗങ്ങളായ രവികുമാര്‍, രാമസ്വാമി, കവികുമാര്‍ തുടങ്ങിയവരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

അതേസമയം, ദളപതി വിജയിയുടെ നേതൃത്വത്തില്‍ രൂപികരിച്ച പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കാണ്. തമിഴക വെട്രി കഴകത്തില്‍ അംഗത്വപ്രചാരണം തുടങ്ങി ദിവസത്തിനകം 50 ലക്ഷം പേര്‍ ചേര്‍ന്നെന്നാണ് ഭാരവാഹികള്‍ അവകാശപ്പെടുന്നത്.

മൊബൈല്‍ ആപ്ലിക്കേഷന്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവ മുഖേനയായിരുന്നു അപേക്ഷിക്കാന്‍ സൗകര്യം ചെയ്തത്. ആധാര്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതിനാല്‍ വ്യാജ അംഗത്വം, ഇരട്ടിപ്പ് എന്നിവയുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ആദ്യദിവസങ്ങളില്‍ മികച്ച പ്രതികരണം നേടിയതിനാല്‍ രണ്ടുകോടി അംഗങ്ങള്‍ എന്ന ലക്ഷ്യംനേടാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും നേതാക്കള്‍ പറഞ്ഞു. അംഗത്വപ്രചാരണം പൂര്‍ത്തിയാക്കിയശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും.