50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും, രാജ്യത്ത് നിന്ന് പുറത്താക്കും'; വിവാദ പ്രസ്താവനയുമായി വീണ്ടും ദിലീപ് ഘോഷ്

വിവാദ പ്രസ്താവനയുമായി വീണ്ടും പശ്ചിമ ബംഗാള്‍ ബി.ജെ.പി. അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. അമ്പതുലക്ഷം മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും. ആവശ്യമെങ്കില്‍ അവരെ രാജ്യത്തു നിന്ന് തുരത്തും. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക് (മമതാ ബാനര്‍ജി) ആരെയും പ്രീണിപ്പിക്കാനാകില്ല- എന്നായിരുന്നു ദിലീപ് ഘോഷിന്റെ വാക്കുകള്‍.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നേരത്തെ,  പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ചു കൊല്ലണമെന്ന ഘോഷിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഞങ്ങൾ അധികാരത്തിൽ വന്നാൽ, ദേശവിരുദ്ധരെയും പൊതുമുതൽ നശിപ്പിക്കുന്നവരെയും ലാത്തി ഉപയോഗിച്ച് അടിക്കുകയും വെടിവെയ്ക്കുകയും ജയിലിൽ ഇടുകയും ചെയ്യും എന്നായിരുന്നു ദിലീപിന്റെ പരാമർശം.