'മുന്‍ ഭര്‍ത്താവിന് ഭാര്യ ജീവനാംശം നല്‍കണം; ദമ്പതികളില്‍ ആര്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടാം', ബോംബെ ഹൈക്കോടതി

മുന്‍ ഭര്‍ത്താവിന് ഭാര്യ ജീവനാംശം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് പ്രകാരം ഭാര്യാഭര്‍ത്താക്കന്മാരില്‍ ആര്‍ക്ക് വേണമെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു. പണം ആവശ്യമുള്ള വിവാഹമോചിതനായ ഭര്‍ത്താവിന് 3,000 രൂപ നല്‍കണമെന്ന് മഹാരാഷ്ട്ര നന്ദേഡിലെ കീഴ്‌ക്കോടതി ഭാര്യയോട് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവാണ് ബോംബെ ഹൈക്കോടതി ശരിവച്ചത്.

1992ലാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് ക്രൂരമായി പെരുമാറുന്നുവെന്ന് ഭാര്യ ആരോപിച്ചതിന് പിന്നാലെ 2015ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. നഷ്ടപരിഹാരം ആവശ്യമുള്ളയാള്‍ക്ക് അത് നല്‍കാമെന്ന് വ്യക്തമാക്കിയാണ് കീഴ്‌ക്കോടതി ഭര്‍ത്താവിന് 3000 രൂപ നല്‍കാന്‍ ഉത്തരവിട്ടത്.

ഭര്‍ത്താവ് തനിക്ക് വരുമാന മാര്‍ഗമില്ലെന്ന് അവകാശപ്പെട്ട് പ്രതിമാസം 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവിന് പലചരക്ക് കടയുണ്ടെന്നും ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തുന്നുണ്ടെന്നും ഭാര്യ അവകാശപ്പെട്ടു. മകളുടെ സംരക്ഷണം തനിക്കാണെന്നും അവര്‍ പറഞ്ഞു.

2015ല്‍ വിവാഹമോചനം നടന്നിട്ടും 2017ലാണ് ജീവനാംശം ആവശ്യപ്പെട്ടെന്ന് കാണിച്ച് ഭാര്യയുടെ അഭിഭാഷകന്‍ ജീവനാംശത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ജീവനാംശം തേടാമെന്നതിനാല്‍ വാദം ശരിയല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

പ്രതിമാസം 15,000 രൂപ സ്ഥിരം ജീവനാംശം നല്‍കണമെന്ന ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ, ബോംബെ ഹൈക്കോടതി ശരിവെച്ച 3,000 രൂപ ജീവനാംശം നല്‍കാന്‍ നന്ദേഡ് സിവില്‍ കോടതി യുവതിയോട് ആവശ്യപ്പെട്ടു.