'പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞ് അധ്യാപകര്‍ കളിയാക്കുന്നു'; കള്ളാക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജിവനൊടുക്കിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അധ്യാപകര്‍ തന്നെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍ കളിയാക്കുകയാണെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

കണക്ക്, രസതന്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ കുറിച്ചാണ് കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. രസതന്ത്രത്തിലെ സമവാക്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നില്ല. കണക്ക് പഠിപ്പിക്കുന്ന അധ്യാപിക തന്നെ മാത്രമല്ല മറ്റു പല കുട്ടികളെയും വഴക്ക് പറയാറുണ്ട്. തന്റെ ഫീസ് അമ്മക്ക് മടക്കി നല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി അടുത്ത ദിവസം മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആരോപണ വിധേയരായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ അമ്പതോളം വാഹനങ്ങള്‍ കത്തി നശിപ്പിച്ചു.

Read more

ഇതേ തുടര്‍ന്ന് പ്രദേശത്ത് ഏര്‍പ്പെടുത്തി നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 328 ആയി. 500 പൊലീസ് കമാന്‍ഡോമാരടക്കം 1500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.