കർഷക സമരം: കേന്ദ്ര സർക്കാരുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന്

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായുള്ള കേന്ദ്രസര്‍ക്കാരിൻറെ പത്താംവട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകള്‍ പറയുമ്പോള്‍ ഭേദഗതിയെ കുറിച്ച് മാത്രം ചര്‍ച്ചയാകാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. ഈ നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനിന്നാല്‍ പ്രശ്‌നപരിഹാരം അകലെയാകും.

താങ്ങുവിലയുടെ നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടും. കര്‍ഷക നേതാക്കള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ എന്‍ഐഎ നോട്ടിസ് നല്‍കിയത് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്. ക്രമസമാധാനവും ഗതാഗതകുരുക്കും ഡല്‍ഹി പൊലീസ് ചൂണ്ടിക്കാട്ടും. പൊലീസ് അനുമതി ലഭിച്ചില്ലെങ്കിലും സമാധാനപൂര്‍വം ട്രാക്ടര്‍ റാലി നടത്തുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

അതേസമയം, കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മുതൽ കർഷകരമായി കൂടിക്കാഴ്ച നടത്തും. വിദഗ്ധ സമിതി അംഗങ്ങൾ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുതെന്നും തുറന്ന മനസോടെ സമിതിയുമായി കർഷകർ സഹകരിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തെ എതിർക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കില്ല. സമിതി അംഗങ്ങളെ മുഴുവൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

നാളെ നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതി കര്‍ഷക സംഘടനകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.